റോഡ് സുരക്ഷയുടെ ഭാഗമായി സൗദിയിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു
സൗദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രാലയമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. റോഡിലെ അവകാശങ്ങളെ കുറിച്ചും ഒപ്പം പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
റിയാദ്: സൗദിയിൽ ഗതാഗത മന്ത്രാലയം റോഡ് സുരക്ഷയുടെ ഭാഗമായി പുതിയ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. റോഡ് സുരക്ഷാ നിയമലംഘനങ്ങൾ കുറക്കുന്നതിനൊപ്പം ഗതാഗത രംഗത്തെ ന്യൂനതകൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിൻ.
സൗദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രാലയമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. റോഡിലെ അവകാശങ്ങളെ കുറിച്ചും ഒപ്പം പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 'യുവർ റൈറ്റ് ഈസ് അപ്പോൺ അസ് ആന്റ് ഔർ റൈറ്റ് ഈസ് അപ്പോൺ യു' എന്ന ആപ്തവാക്യമുയർത്തിയാണ് കാമ്പയിൻ ആരംഭിച്ചത്. റോഡിലെ കൈവരികളും ദിശാസൂചികകളും നശിപ്പിക്കുകയോ കേട് വരുത്തുകയോ ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ കൈയേറ്റങ്ങളും അവസാനിപ്പിച്ച് റോഡുകളും പൊതുസ്വത്തുക്കളും സംരക്ഷിക്കുക, റോഡിൽ ഉപഭോക്താവിന് ലഭിക്കേണ്ട അവകാശങ്ങൾ സംബന്ധിച്ച് ബോധവൽക്കരിക്കുക, റോഡിന്റെയോ ഗതാഗത സംവിധാനത്തിന്റെയോ അപാകതകൾ കാരണം വാഹനത്തിനോ ഉപഭോക്താവിനോ കേടുപാടുകൾ സംഭവിച്ചാൽ സ്വീകരിക്കേണ്ട നപടികൾ എന്നിവ ക്യാമ്പയിനിലൂടെ ജനങ്ങളിലേക്കെത്തിക്കും. ഗതാഗത വകുപ്പ് റോഡുകളിലേർപ്പെടുത്തുന്ന നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കുക എന്നതാണ് ഉപഭോക്താക്കളുടെ ബാധ്യത.