സിനിമാ- റിയൽ എസ്റ്റേറ്റ് മേഖലകളിലും സൗദിവത്കരണം
രണ്ട് മേഖലയിലേയും ഉയർന്ന തസ്തികകളിൽ സൗദികളെ നിയമിക്കുകയാണ് ലക്ഷ്യം. ഇതുവഴി സൗദികൾക്ക് പതിനൊന്നായിരം ജോലികളുണ്ടാകും.
റിയൽ എസ്റ്റേറ്റ്, സിനിമാ പ്രഫഷൻ മേഖലയിൽ കൂടി സൗദിയിൽ സ്വദേശിവത്കരണം പ്രാബല്യത്തിലായി. രണ്ട് മേഖലയിലേയും ഉയർന്ന തസ്തികകളിൽ സൗദികളെ നിയമിക്കുകയാണ് ലക്ഷ്യം. ഇതുവഴി സൗദികൾക്ക് പതിനൊന്നായിരം ജോലികളുണ്ടാകും.
സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ ലക്ഷ്യം വെച്ചാണ് പദ്ധതി. സിനിമ പ്രൊഡക്ഷൻ മേഖലയിലെ ഉയർന്ന തസ്തികകൾ സൗദികൾക്ക് നൽകും. മേൽനോട്ടം വഹിക്കുന്നതും, തിയേറ്ററുകളിലെ ടിക്കറ്റ് വിൽപന, കച്ചവട സ്ഥാപനങ്ങൾ നടത്തൽ എന്നീ ജോലികളാണ് സൗദികൾക്ക് നൽകുക. ഈ മേഖലയിൽ വിദേശികളെ നിയമിക്കാനാകില്ല.
റിയൽ എസ്റ്റേറ്റ് ബ്രോകറേജ്, റിയൽ എസ്റ്റേറ്റ് അസോസിയേഷൻ, നിർമാണ മേഖലയിലെ ഉയർന്ന ജോലികൾ എന്നിവയിൽ നൂറ് ശതമാനം സൗദികളെ നിയമിക്കണം. ഇന്നു മുതൽ ഈ ഉത്തരവ് പ്രാബല്യത്തിലായി. ലംഘിച്ചാൽ നിയമ നടപടിയുണ്ടാകും. ഇതിനു പുറമെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തന്നെ താഴെ തട്ടിലുള്ള ജോലികളിലും സ്വദേശിവത്കരണം നടപ്പാക്കും. ഇതിൽ നിശ്ചിത ശതമാനം മാത്രമേ ഉണ്ടാകൂ. സൗദിയിലെ തൊഴിൽ മന്ത്രാലയമാണ് ഉത്തരവ് നടപ്പാക്കുന്നത്.