ഏഴ് വർഷങ്ങൾക്ക് ശേഷം ഹമാസ് നേതാക്കൾ സൗദി അറേബ്യയിൽ
ഫലസ്തീൻ പ്രസിഡണ്ട് ചർച്ചകൾക്കായി ജിദ്ദയിലുണ്ട്. ഹമാസുമായി ചർച്ചക്ക് വഴിയൊരുങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
റിയാദ്: ഏഴ് വർഷങ്ങൾക്ക് ശേഷം ഹമാസ് നേതാക്കൾ സൗദി അറേബ്യയിൽ സന്ദർശനത്തിനെത്തി. ഗസയുടെ ഭരണം വഹിക്കുന്ന ഹമാസുമായി ഏഴ് വർഷത്തിലേറെയായി ഭിന്നതയിലായിരുന്നു സൗദി അറേബ്യ. ഫലസ്തീൻ പ്രസിഡണ്ട് ചർച്ചകൾക്കായി ജിദ്ദയിലുണ്ട്. ഹമാസുമായി ചർച്ചക്ക് വഴിയൊരുങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഫലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് കഴിഞ്ഞ ദിവസം ജിദ്ദയിൽ വിമാനമിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് രാഷ്ട്രീയ നേതൃത്വം സൗദിയിലെത്തിയത്. ഹമാസ് നേതാക്കളായ ഇസ്മാഈൽ ഹനിയ്യ, ഖാലിദ് മിശ്അൽ എന്നിവരും സംഘവും മക്കയിൽ ഉംറ നിർവഹിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഖാലിദ് മിശ്അൽ 2015ൽ സൗദിയിൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇസ്മാഈൽ ഹനിയ്യ ആദ്യമായാണ് സൗദിയിൽ വരുന്നത്.
കനത്ത സുരക്ഷയിലായിരുന്നു ഇവർ മക്കയിൽ എത്തിയത്. 2007ൽ ഗസയുടെ ഭരണം ഹമാസ് ഏറ്റെടുത്തതോടെ ഫലസ്തീൻ ഭരിക്കുന്ന ഫതഹ് പാർട്ടിയും ഹമാസും ഭിന്നതയിലായിരുന്നു. ഹമാസ്, ഗസ ഏറ്റെടുത്തതോടെ വിഷയത്തിൽ മധ്യസ്ഥതക്ക് ശ്രമിച്ച സൗദി നീക്കവും പാളി. അന്നുമുതൽ ഭിന്നതയിലാണ് സൗദിയും ഹമാസും. ഹമാസിന്റെ ഇറാൻ ബന്ധവും സൗദിയെ ചൊടിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫതഹ് പാർട്ടി നേതാവും ഫലസ്തീൻ പ്രസിഡണ്ടുമായ മഹ്മൂദ് അബ്ബാസും ഹമാസിനെതിരെ ഭിന്നിച്ചു. 2015ൽ ഹമാസ് നേതാവ് ഖാലിദ് മിശ്അൽ മക്കയിൽ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം ആദ്യമായി ഫലസ്തീൻ പ്രസിഡണ്ടും ഹമാസ് നേതാക്കളും സൗദിയിൽ ഒരുമിച്ചെത്തിയത് അപ്രതീക്ഷിത നീക്കമാണ്. ഇവർ തമ്മിൽ ചർച്ചകളുണ്ടാകുമെന്ന് സൗദിക്ക് പുറത്തെ അറബ്, അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ സൗദിയും ഹമാസും വിഷയത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല. സൗദിക്കെതിരായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി ഹമാസ് നേതാക്കളും അംഗങ്ങളും 2018 മുതൽ സൗദിയിൽ അറസ്റ്റിലായിരുന്നു. ഇവരിൽ ഭൂരിഭാഗം പേരെയും സൗദി കഴിഞ്ഞ വർഷത്തോടെ വിട്ടയച്ചു. അവശേഷിക്കുന്നവരുടെ മോചനക്കാര്യം സൗദിയുമായി യോഗം നടന്നാൽ ഹമാസ് ഉന്നയിക്കും. ഇറാനുമായുള്ള ബന്ധത്തോടെ മേഖലയിൽ ബന്ധം പുനസ്ഥാപിക്കുന്ന നിർണായക നീക്കത്തിലാണ് സൗദി. ഹമാസ് നേതാക്കൾ സൗദിയിലെത്തിയതും ഇറാനുമായുള്ള ബന്ധം പുനസ്ഥാപിക്കലും ഇസ്രയേൽ, യുഎസ് മാധ്യമങ്ങളിലും പ്രാധാന്യം നേടി.
യുഎസിനെ മാറ്റി നിർത്തി ഏഷ്യൻ രാജ്യങ്ങളുടെ ഐക്യത്തിലൂടെ സ്വന്തം കാലിൽ നിൽക്കുന്ന പുതിയ സൗദിയുടെ ഉദയമാണിതെന്ന് ട്വിറ്ററിൽ സൗദി പൗര പ്രമുഖരുടെ കാംപയിൻ പറയുന്നു. ഫലസ്തീനിലെ കക്ഷികൾ ഭിന്നത മറന്ന് ഒന്നിച്ചാൽ സൗദി നേതൃത്വത്തിൽ വിശാലമായ അറബ് ഐക്യത്തിനും വഴിയൊരുങ്ങും.