സൗദിയിൽ സോഷ്യൽ മീഡിയ പ്രെമോഷന് കടിഞ്ഞാൺ; ലൈസൻസില്ലാത്ത ഇൻഫ്‌ലുവൻസേഴ്‌സിനെതിരെ നടപടി

ലൈസൻസില്ലാതെ സൗദിയിൽ പ്രൊമോഷൻ വീഡിയോ നൽകുന്നത് നിയമവിരുദ്ധമാണ്

Update: 2024-10-03 06:25 GMT
Advertising

റിയാദ്: സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇൻഫ്‌ലുവൻസേഴ്‌സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. മലയാളമടക്കം വിവിധ ഭാഷകളിൽ അനധികൃത പ്രൊമോഷൻ ചെയ്തവരെയാണ് ഒരു മാസത്തിനിടെ വിളിപ്പിച്ചത്. ലൈസൻസുള്ള സൗദി ഇൻഫ്‌ലുവൻസർമാരും സ്ഥാപനങ്ങളും നൽകിയ പരാതികളിലും നടപടി ആരംഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ സൗദിയിൽ പ്രൊമോഷൻ വീഡിയോ നൽകുന്നത് നിയമവിരുദ്ധമാണ്.

നേരത്തെ സൗദികൾക്ക് മാത്രമായിരുന്നു ഈ രംഗത്ത് അനുമതിയുണ്ടായിരുന്നത്. നിലവിൽ വിദേശികൾക്കും കർശന നിബന്ധനകളോടെ ലൈസൻസ് അനുവദിക്കുന്നുണ്ട്. പതിനയ്യായിരം റിയാലാണ് വാർഷിക ഫീസ്. ഓരോ വർഷവും ഇത് പതിനയ്യായിരം റിയാൽ നൽകി പുതുക്കുകയും വേണം. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അതോറിറ്റി നിരീക്ഷിക്കും. നൽകുന്ന പരസ്യങ്ങൾ സംബന്ധിച്ച വിശദാംശം അതോറിറ്റി പരിശോധിക്കും. സ്ഥാപനങ്ങളുടേയോ വ്യക്തികളുടേയോ സ്വകാര്യത ഹനിച്ചാലും നടപടിയുണ്ടാകും. നൽകുന്ന പ്രൊമോഷൻ വ്യാജമാണെങ്കിൽ കബളിപ്പിക്കലിനും ശിക്ഷയുണ്ടാകും. ഈ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന വിദേശികളെയാണ് നിലവിൽ അതോറിറ്റി നിരീക്ഷിച്ച് വിളിപ്പിക്കുന്നത്.

ചട്ടങ്ങളെ കുറിച്ച് ബോധ്യമില്ലാത്തവരുടെ വിവരങ്ങളും രേഖകളും അതോറിറ്റി രേഖപ്പെടുത്തി മുന്നറിയിപ്പ് നൽകി വിട്ടയക്കും. ആവർത്തിച്ചാൽ മുപ്പതിനായിരം റിയാൽ മുതൽ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. പരാതിയുടെ അടിസ്ഥാനത്തിലാണ് വിളിപ്പിക്കുന്നതെങ്കിൽ അനധികൃതമായി ജോലി ചെയ്തതിന് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി നാടുകടത്തുകയും ചെയ്യും. മലയാളികളെ സമാന രീതിയിൽ കഴിഞ്ഞയാഴ്ച വിളിപ്പിച്ചിരുന്നു. വിവിധ രാജ്യക്കാർക്കെതിരെ സ്വീകരിച്ച നടപടികളും അതോറിറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്.

ഇൻഫ്‌ലുവൻസർമാരുടെ മുറുകിയതോടെ പരസ്പരം പരാതി നൽകുന്നതും ഇന്ത്യക്കാർക്കിടയിൽ വർധിച്ചിട്ടുണ്ട്. ലൈസൻസില്ലാത്തവർക്കെതിരെ സൗദികളും പരാതി നൽകുന്നുണ്ട്. ഇതാണ് കൂടുതൽ പരാതികൾ വർധിക്കാൻ കാരണം. പ്രൊമോഷൻ ചെയ്യുന്നവർ ആശ്രിത വിസയിലാണെങ്കിൽ സ്‌പോൺസറായ കുടുംബ നാഥനയേും വിളിപ്പിക്കും. ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷന്റെ ലൈസൻസോടെയാണ് സൗദിയിൽ വിദേശ ടെലിവിഷൻ ചാനലുകൾക്ക് പോലും പ്രവർത്തിക്കാനാകൂ. വിദേശികളുടെ ഏത് തരം വീഡിയോ അവതരണങ്ങൾക്കും സോഷ്യൽ മീഡിയ പ്രൊമോഷനും ഇത് നിർബന്ധമാണ്. നിലവിൽ റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് അതോറിറ്റുയുടെ പ്രധാന ഓഫീസുകൾ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News