സൗദിയിൽ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക്; സെപ്റ്റംബർ പകുതി വരെ ചൂട് തുടരും
റിയാദ്: സൗദിയിലെ വേനൽക്കാലം ഈ മാസം അവസാനിക്കുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം. കൊടും ചൂട് വിടാൻ അടുത്ത മാസം പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നും അറിയിപ്പിൽ പറയുന്നു. നാളെ സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ ചൂട് കുറയുമെന്നാണ് കരുതുന്നതെന്ന് സൗദി കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. എന്നാൽ സൗദിയിൽ വേനൽ കാലം ഔദ്യോഗികമായി അവസാനിക്കുന്നത് ആഗസ്റ്റ് മുപ്പത്തിയൊന്നിനാണ്. സെപ്റ്റംബറിൽ നേരിയ കുറവ് വരും. എങ്കിലും കൊടും ചൂട് അവസാനിക്കാൻ സെപ്റ്റംബർ പകുതി വരെ കാത്തിരിക്കണം. ഈ വർഷം കനത്ത ചൂടാണ് സൗദിയുടെ വിവിധ ഭാഗങ്ങളിലെത്തിയിരുന്നത്.
റിയാദ്, ബുറൈദ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ കനത്ത ചൂടാണ് മൂന്ന് ദിവസമായി തുടരന്നത്. മൂന്ന് പ്രവിശ്യകളുടേുയം വ്യത്യസ്ത ഭാഗങ്ങളിൽ താപനില 47 ഡിഗ്രിക്ക് മുകളിലാണ്. ഇത് നാളെ വരെ തുടരും. പിന്നീട് രണ്ട് ഡിഗ്രി സെൽഷ്യസ് വരെ കുറവ് വരും. അതേ സമയം സൗദിയുടെ ഹൈറേഞ്ചിൽ കനത്ത മഴ ഒരു മാസത്തോളമായി കൂടിയും കുറഞ്ഞും തുടരുകയാണ്. അസീർ പ്രവിശ്യയിലെ അബഹ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ട്. അൽ ബഹയലും ജീസാനിലെയും ഉയർന്ന പ്രദേശങ്ങളിലും സമാനമാണ് സ്ഥിതി. മക്ക പ്രവിശ്യയിലെ അർളിയാത്ത് ഉൾപ്പെടെ ത്വാഇഫ് അൽ ബഹ റൂട്ടിലും പല സമയത്തായി മഴയെത്തുന്നുണ്ട്. ഇതിനാൽ ഞായറാഴ്ച വരെ ജാഗ്രതാ നിർദേശവുമുണ്ട്