തനിമ മക്ക ട്രക്കിംഗ് സംഘടിപ്പിച്ചു
ഹറാർ ഷെല്ലാലിലേക്കാണ് ട്രെക്കിംഗ് സംഘടിപ്പിച്ചത്


മക്ക: 'തണലാണ് കുടുംബം' എന്ന കാമ്പയിന്റെ ഭാഗമായി തനിമ മക്ക ഹറാർ ഷെല്ലാലിലേക്ക് ട്രെക്കിംഗ് സംഘടിപ്പിച്ചു. മക്കയിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ച് നടത്തിയ ട്രക്കിംഗ് യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുലർച്ചെ അൽ റാജ്ഹി മസ്ജിദ് പരിസരത്തുനിന്നും തുടങ്ങിയ യാത്ര ഓഫ് റോഡ് വഴി ഹറാർ താഴ്വരയിൽ എത്തി. പ്രകൃതി ഒരുക്കിയ മനോഹര കാഴ്ചകൾ യാത്രികർക്ക് നവ്യാനുഭവമായി.
കാമ്പയിൻ കൺവീനർ അബ്ദുൽ മജീദ് വേങ്ങര കാമ്പയിൻ സന്ദേശം നൽകി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ലിബറൽ ചിന്താഗതികളുടെ കടന്നു കയറ്റം കുടുംബത്തെ തകർക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രക്കിംഗ് കോർഡിനേറ്റർ സഫീർ മഞ്ചേരി ട്രക്കിംഗിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രികർക്ക് നിർദേശങ്ങൾ നൽകി. ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ പ്രോഗ്രാമിനെ കുറിച്ച് തനിമ മക്ക പ്രസിഡന്റായ അബ്ദുൽ ഹകീം വിശദീകരിച്ചു. ഷഫീഖ് പട്ടാമ്പി, അനീസുൽ ഇസ്‌ലാം എന്നിവർ നേതൃത്വം നൽകി.