സഹായവുമായി പറന്ന സൗദി ദുരിതാശ്വാസ വിമാനങ്ങള്‍ അഫ്ഗാനിലെത്തി
65 ടണ്‍ ഭാരമുള്ള 1,647 ഭക്ഷണക്കിഴികളും 192 ബാഗുകളിലായി 746 കിലോഗ്രാം ഭാരം വരുന്ന മറ്റു നിത്യോപയോഗ സാധനസാമഗ്രികളുമാണ് ആദ്യപടിയായി പുറപ്പെട്ട വിമാനങ്ങളിലുള്ളത്
കാബൂള്‍: ദുരിതമനുഭവിക്കുന്ന അഫ്ഗാന്‍ ജനങ്ങളെ സഹായിക്കുന്നതിനായി സൗദി റിലീഫ് എയര്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ അയച്ച ആദ്യ രണ്ട് ദുരിതാശ്വാസ വിമാനങ്ങള്‍ കിങ് സല്‍മാന്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ കേന്ദ്രത്തിലെത്തി.
65 ടണ്‍ ഭാരമുള്ള 1,647 ഭക്ഷണക്കിഴികളും 192 ബാഗുകളിലായി 746 കിലോഗ്രാം ഭാരം വരുന്ന മറ്റു നിത്യോപയോഗ സാധനസാമഗ്രികളുമാണ് ആദ്യപടിയായി പുറപ്പെട്ട വിമാനങ്ങളിലുള്ളത്.
അഫ്ഗാനിസ്ഥാനിലെ സൗദി കോണ്‍സല്‍ മിഷാല്‍ അല്‍ ഷമാരിയുടെ സാന്നിധ്യത്തില്‍ അഫ്ഗാന്‍ റെഡ് ക്രസന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഹാജി മുഹമ്മദ് അല്‍ തയീബിന് റിലീഫ് സെന്റര്‍ അംഗങ്ങള്‍ സാധനങ്ങള്‍ കൈമാറി.
ദുരിതമനുഭവിക്കുന്നവര്‍ക്കായി കൂടുതല്‍ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി 197 ടണ്‍ ഭാരമുള്ള ഭക്ഷണവിഭവങ്ങളും 238 കിലോഗ്രാം ഭാരമുള്ള നിത്യോപയോഗ വസ്തുക്കളുമടങ്ങിയ ആറ് ദുരിതാശ്വാസ വിമാനങ്ങള്‍ കൂടി അയയ്ക്കുന്ന കാര്യവും സൗദി റിലീഫ് എയര്‍ ബ്രിഡ്ജിന്റെ പരിഗണനയിലുണ്ട്. ഇതില്‍ 5,022 ഭക്ഷണക്കിഴികളും 576 ഷെല്‍ട്ടര്‍ ബാഗുകളുമാണ് ഉള്‍പ്പെടുന്നത്.
പ്രതിസന്ധിഘട്ടങ്ങളില്‍ തങ്ങളുടെ സാഹോദര രാജ്യങ്ങളെ സഹായിക്കുന്നതില്‍ സൗദി അറേബ്യ എന്നും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സാഹോദര്യത്തിന്റേയും മനുഷ്യത്വത്തിന്റേയും ഉത്തമമാതൃകയാണ് ഈ സഹായത്തിലൂടെ സൗദി ഭരണാധികാരികള്‍ ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കുന്നത്.