സൗദി അൽഖോബാറിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ രാവിലെ നാട്ടിലെത്തിക്കും
കൊല്ലം സ്വദേശികളായ അനൂപ് മോഹൻ, ഭാര്യ രമ്യമോൾ എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കുന്നത്
ദമ്മാം: സൗദി അൽഖോബാറിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ രാവിലെ നാട്ടിലെത്തിക്കും. കൊല്ലം സ്വദേശികളായ അനൂപ് മോഹൻ, ഭാര്യ രമ്യമോൾ എന്നിവരുടെ മൃതദേഹങ്ങളാണ് നടപടികൾ പൂർത്തിയാക്കി ദമ്മാം തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുക. ഇവരുടെ മകൾ അഞ്ച് വയസുകാരി ആരാധ്യയെയും കൂട്ടി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവും കൂടെ നാട്ടിലേക്ക് പോകുന്നുണ്ട്.
കൊല്ലം ത്രിക്കരുവ അഞ്ചാലംമൂട് സ്വദേശിയായ അനൂപ് മോഹൻ, ഭാര്യ രമ്യമോൾ വസന്തകുമാരി എന്നിവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ നാട്ടിലെത്തിക്കുമെന്ന് നിയമ നപടികൾക്ക് നേതൃത്വം നൽകിയ ലോക കേരളസഭാംഗം നാസ് വക്കം പറഞ്ഞു. ഒരു മാസക്കാലമെടുത്ത് നിയമ നടപടികൾ പൂർത്തിയാക്കിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. അനൂപ് മോഹനെതിരെയുണ്ടായിരുന്ന സാമ്പത്തിക കേസുകളാണ് നടപടികൾ പൂർത്തിയാക്കുന്നതിന് താമസം നേരിട്ടത്. ഒപ്പം മൂവരുടെയും പാസ്‌പോർട്ടുകൾ കണ്ടെത്താൻ കഴിയാത്തതും വിനയായി.
ഒടുവിൽ ഇന്ത്യൻ എംബസിയിൽ നിന്നും ഔട്ട്പാസുകൾ ലഭ്യമാക്കിയാണ് യാത്ര. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം ഏറ്റെടുക്കുകയും ചെയ്തതോടെ അനിശ്ചിതത്വം നീങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ നോർക്കയുടെ സൗജന്യ ആംബുലൻസിൽ കൊല്ലത്തെ വീട്ടിലെത്തിക്കും. സാമ്പത്തിക പ്രയാസങ്ങളെ തുടർന്നാണ് 12 വർഷമായി ഓട്ടോ മെക്കാനിക്കായി ജോലി ചെയ്യുന്ന അനൂപും കുടുംബവും ജീവിതമവസാനിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.