ലോകത്തെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകൾ സൗദിയിൽ
റിയാദ് ദുബൈ റൂട്ടും, ജിദ്ദ കെയ്‌റോ റൂട്ടുമാണ് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന പാത
റിയാദ്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകൾ സൗദിയിലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. റിയാദ് ദുബൈ റൂട്ടും, ജിദ്ദ കെയ്‌റോ റൂട്ടുമാണ് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന പാത. മുൻവർഷങ്ങളെ അപേക്ഷിച്ച് പലതരം വിസകളിറങ്ങിയതാണ് തിരക്കേറിയ റൂട്ടുകൾ സൗദിയിലെത്താൻ കാരണം.
റിയാദിൽ നിന്നും കെയ്റോയിലേക്ക് പ്രതിദിനം അൻപത് സർവീസുകളുണ്ട്. ജിദ്ദയിൽ നിന്നും ദുബായിലേക്ക് നാല്പത് സർവീസുകളും. ഇതാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകൾ. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എക്‌സിക്യൂട്ടീവ് അലി റജബ് ആണ് ഇക്കാര്യമറിയിച്ചത്. സൗദിയിലെ പുതിയ ടൂറിസം, ഉംറ, ജിസിസി, ബിസിനസ് വിസകളെല്ലാം യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്.
വിമാനയാത്രക്കാരുടെ എണ്ണത്തിൽ 27 ശതമാനത്തിന്റെ വർധനവാണ് ഈ വർഷമുള്ളത്. സൗദിയിൽ നിന്നും വിമാനങ്ങൾ സർവീസ് നടത്തുന്ന വിദേശ നഗരങ്ങളുടെ എണ്ണവും കൂടി. 162 രാജ്യങ്ങളിലേക്ക് നിലവിൽ വിമാന സർവീസുണ്ട്. 2019 നെ അപേക്ഷിച്ച് 62 ശതമാനം കൂടുതലാണിത്. 2030 ഓടെ ഇത് 250 രാജ്യങ്ങളായി വർധിപ്പിക്കാനാണ് സൗദിയുടെ ശ്രമം. പതിനായിരം കോടി ഡോളറിന്റെ നിക്ഷേപങ്ങളാണ് സൗദിയിലെ വ്യോമയാന മേഖലയിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത് .