സൗദി വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞമാസം 1600 ലധികം പരാതികൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി

അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കുറിച്ചുള്ള പരാതികളിൽ ഏറ്റവും കൂടുതൽ പരാതി ഉയർന്നത് ജിദ്ദ വിമാനത്താവളത്തിനെതിരെയാണ്

Update: 2022-08-27 18:16 GMT
Editor : Nidhin | By : Web Desk
Advertising

സൗദി വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞമാസം മാത്രം 1600 ലധികം പരാതികൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി.

ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെയാണ് ഏറ്റവും കുറവ് പരാതികൾ. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതി ലഭിച്ചത് മദീന വിമാനത്താവളത്തിനെതിരെയാണെന്നും അതോറിറ്റി വ്യക്തമാക്കി.

ഒരു ലക്ഷം യാത്രക്കാർക്ക് 17 പരാതികൾ തോതിലാണ് സൗദിയക്കെതിരെ ലഭിച്ചത്. ഇതിൽ 90 ശതമാനവും നിശ്ചിത സമയത്തിനകം തന്നെ പരിഹരിച്ചു. ഏറ്റവും കുറവ് പരാതി ലഭിച്ചതിൽ രണ്ടാം സ്ഥാനത്ത് ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് 29 പരാതികൾ തോതിലായിരുന്നു ഫ്‌ളൈനാസിനെതിരെ ലഭിച്ചത്. ഇതിൽ 88 ശതമാനവും പരിഹരിച്ചിട്ടുണ്ട്.

ഒരു ലക്ഷം യാത്രക്കാർക്ക് 73 പരാതികൾ തോതിലാണ് ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനെതിരെ ലഭിച്ചത്. ഇതിൽ 86 ശതമാനം പരാതികളും പരിഹരിച്ചു. ഏറ്റവും കുറവ് പരാതികൾ ലഭിച്ചതിൽ മൂന്നാം സ്ഥാനത്താണ് ഫ്‌ളൈ അദീൽ. ടിക്കറ്റ് തുക തിരിച്ച് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത്.

സർവീസിന് കാലതാമസം നേരിടൽ, ലഗേജ് നഷ്ടപ്പെടൽ എന്നിവയാണ് ഏറ്റവും കൂടുതൽ പേർ ഉന്നയിച്ച മറ്റു പരാതികൾ. അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കുറിച്ചുള്ള പരാതികളിൽ ഏറ്റവും കൂടുതൽ പരാതി ഉയർന്നത് ജിദ്ദ വിമാനത്താവളത്തിനെതിരെയാണ്. രണ്ടാം സ്ഥാനത്ത് റിയാദ് വിമാനത്താവളവും, ഏറ്റവും കുറവ് പരാതി ഉയർന്നത് മദീന വിമാനത്താവളത്തിനെതിരെയുമാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News