മക്കയുടേയും മദീനയുടേയും കഥപറയുന്ന ജിദ്ദ ഇസ്‌ലാമിക് ബിനാലെ അവസാനത്തിലേക്ക്
ജിദ്ദ ഹജജ് ടെർമിനലിലാണ് ബിനാലെ നടക്കുന്നത്
ഇസ്‌ലാമിക ചരിത്രവും സംസ്‌കാരവും പറയുന്ന ഇസ്‌ലാമിക് ബിനാലെ സൗദിയിലെ ജിദ്ദയിൽ അവസാനത്തിലേക്ക്. കഅബയും മദീനയിലെ പ്രവാചകന്റെ പള്ളിയും വിശ്വാസികൾക്ക് പ്രിയപ്പെട്ടതായതെങ്ങിനെ എന്നതാണ് ബിനാലെയുടെ പ്രമേയം. ഏപ്രിൽ 23ന് അവസാനിക്കുന്ന ബിനാലെയിൽ ഇതിനകം എത്തിയത് ലക്ഷങ്ങളാണ്.
ഇസ്ലാമിന്റെ ചരിത്രം, സാംസ്‌കാരക കൈവഴികൾ തുടങ്ങിയവയെല്ലാം വിശദമായി അനുഭവിക്കേണ്ടവർക്ക് ജിദ്ദയിലെ ഹജ്ജ് ടെർമിനൽ സന്ദർശിക്കാം. ദിരിയ ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച ബിനാലെ കലാഹൃദയങ്ങളേയും വിശ്വാസികളേയും ഒരുപോലെ സ്വീകരിക്കും.
അവ്വൽ ബൈത്ത് (പ്രഥമ ഗേഹം) എന്ന പ്രമേയത്തിലാണ് ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്. കഅബയും മദീനയിലെ പ്രവാചകന്റെ പള്ളിയും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് സ്വന്തം വീടായത് എങ്ങിനെയെന്ന് ബിനാലെ ദൃശ്യ-ശ്രാവ്യ-സ്പർശ കലാ രൂപങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ടിവിടെ. കൂടാതെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന ആശയം ബിനാലെയിലെത്തുന്നവരെ അനുഭവിപ്പിക്കും. ഇരുട്ടിൽ നിന്നാരംഭിക്കുന്ന ബിനാലെയുടെ ആദ്യ ഇൻസ്റ്റലേഷനുകൾ കഅ്ബക്കകത്ത് കൂടി സഞ്ചരിക്കുന്ന പ്രതീതി സമ്മാനിക്കുന്നുണ്ട്.
ഇസ്‌ലാം മത വിശ്വാസികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ബാങ്ക് വിളി, നമസ്‌കാരം, ഇതിനുള്ള അംഗശുദ്ധി, കഅ്ബയിലേക്ക് തിരിഞ്ഞുള്ള പ്രാർഥന, പ്രാർഥനയിലൂടെ നേടുന്ന അനുഭൂതി എന്നിവ ബിനാലെ പ്രതിഫലിപ്പിക്കുന്നു.
ഇസ്ലാമിക സംസ്‌കാരത്തിന്റെ കലയും സർഗാത്മകതയുമാണ് ബിനാലെ ലക്ഷ്യമിടുന്നത്. 44 ലോകോത്തകര കലാകാരന്മാർ ബിനാലെയുടെ ഭാഗമായിട്ടുണ്ട്. 70,000 ചതുരശ്ര മീറ്റർ സ്ഥലത്ത് തിയറ്റർ, പള്ളി, വർക്ക്ഷോപ്പുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ജിദ്ദ ബിനാലെയിലേക്ക് വരാൻ ഓൺലൈൻ വഴി സൗജന്യമായി ടിക്കറ്റ് ലഭ്യമാകും. ഇൻഡോർ, ഔട്ട്ഡോർ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് ബിനാലെ ക്രമീകരിച്ചിരിക്കുന്നത്. ഇൻഡോർ ഇൻസ്റ്റലേഷനുകൾ കഅ്ബ കേന്ദ്രീകരിച്ചാണുള്ളത്. ഔട്ട്ഡോർ ഇൻസ്റ്റലേഷനുകൾ പ്രവാചകന്റെ മക്കയിൽനിന്നും മദീനയിലേക്കുള്ള പലായനം അടിസ്ഥാനമാക്കിയുമാണ് ഒരുക്കിയിരിക്കുന്നത്.