ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്കൊരു പഞ്ചനക്ഷത്ര ഹോട്ടല്‍, ഒരു രാത്രിയുടെ വില ഏകദേശം 8,000 രൂപ
കിങ് അബ്ദുള്‍ അസീസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പിനോടനുബന്ധിച്ചാണ് ഹോട്ടല്‍ തുറന്നിരിക്കുന്നത്
ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്ക് ഹോട്ടല്‍ തുറന്നിരിക്കുകയാണ് സൗദിയില്‍. ഒരു സാധാരണ ഹോട്ടലിലെ സൗകര്യങ്ങളല്ല അവിടെ ഒരുക്കിയിട്ടുള്ളത്. മറിച്ച് പഞ്ചനക്ഷത്ര സൗകര്യങ്ങളേടെ ഒട്ടകങ്ങള്‍ക്കും ഉടമകള്‍ക്കും ഒരു പോലെ സംതൃപ്തി നല്‍കുന്നതാണ് 'ടാറ്റ്മാന്‍' എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലിലെ സൗകര്യങ്ങള്‍.
സൗദിയില്‍ നടക്കുന്ന കിങ് അബ്ദുള്‍ അസീസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പിനോടനുബന്ധിച്ചാണ് ഹോട്ടല്‍ തുറന്നിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്ന 120 മുറികള്‍ ഉള്‍ക്കൊള്ളുന്ന ഹോട്ടലില്‍ 50ലധികമാളുകളാണ് വിവിധ സേവനങ്ങള്‍ക്കും പരിചരണങ്ങള്‍ക്കുമായി ഉള്ളതെന്ന് കാമല്‍ ക്ലബ്ബ് ഔദ്യോഗിക വക്താവ് മുഹമ്മദ് അല്‍ ഹര്‍ബി വിശദീകരിച്ചു.
ഒട്ടകങ്ങള്‍ക്ക് മികച്ച ഭക്ഷണം, ചൂട് പാല്‍, മുറികള്‍ വൃത്തിയാക്കി ചൂടാക്കി നല്‍കല്‍ എന്നിവ ഉള്‍പ്പെടെ പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ഹോട്ടല്‍ നല്‍കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഹോട്ടലിലെ ഒരു രാത്രിയുടെ മൂല്യം ഏകദേശം 400(ഏകദേശം 8,000 ഇന്ത്യന്‍ രൂപ) സൗദി റിയാല്‍ ആണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒട്ടകോത്സവത്തിനെത്തുന്ന ഉടമകള്‍ക്കും ക്ലബ് ഉദ്യോഗസ്ഥര്‍ക്കും ഈ ഹോട്ടല്‍ വലിയ സൗകര്യപ്രദമാണെന്ന് ഒട്ടക ഉടമ ഉമൈര്‍ അല്‍-ഖഹ്താനി പറഞ്ഞു. പരീക്ഷണമെന്ന നിലയില്‍ 4 ദിവസത്തേക്ക് തന്റെ ഒട്ടകങ്ങളെ ഹോട്ടലില്‍ താമസിപ്പിച്ച അദ്ദേഹം, പൂര്‍ണ സംതൃപ്തനാണെന്നും അറിയിച്ചു. മുറികളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒട്ടകങ്ങളെ പരിശോധനകള്‍ക്കും വിധേയമാക്കുന്നുണ്ട്.