സൗദിയിൽ വാഹനാപകട മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് മൂലം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്തു
ദമ്മാം: സൗദിയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനപകട മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ നിരവധി കുടുംബങ്ങളാണ് കൊല്ലപ്പെട്ടത്. വാഹനപകടങ്ങൾ കൂടുതൽ കുറക്കുന്നതിനായി ട്രാഫിക് സുരക്ഷ സമിതികൾ പ്രവർത്തിച്ചു വരുന്നതായും ട്രാഫിക് വിഭാഗം അറിയിച്ചു.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് മൂലം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ പലതും കുടുംബാംഗങ്ങൾ മുഴുവനായും കൊല്ലപ്പെടുന്ന സാഹചര്യത്തിലേക്കെത്തിയെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹ്സിൻ അൽ-സഹ്‌റാനി പറഞ്ഞു. അതേ സമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാഹനപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറഞ്ഞിട്ടുണ്ട്. 2016-ൽ രാജ്യത്ത് 100,000-ൽ 27 വാഹനാപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 100,000-ൽ 13 മരണങ്ങൾ എന്ന തോതിലേക്ക് കുറഞ്ഞു. രാജ്യത്തുടനീളം ട്രാഫിക് സുരക്ഷ സമിതികൾ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് അപകടങ്ങൾ കുറക്കാൻ സാധിച്ചത്. പ്രധാന പാതകളിലും മറ്റും ക്യാമറകൾ സ്ഥാപിച്ചത് അപകടങ്ങൾ കുറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2030 ഓടെ 100,000-ത്തിൽ 8 മരണങ്ങൾ എന്ന നിലയിൽ മൂന്നിൽ രണ്ട് ശതമാനമായി കുറയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതെന്നും ട്രാഫിക് ഡയറക്ടർ ജനറൽ പറഞ്ഞു.