ലോകത്തെ ഏറ്റവും വലിയ വെര്‍ച്വല്‍ ഹോസ്പിറ്റല്‍ സൗദിയില്‍ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും വേഗത്തില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം
സൗദിയില്‍ ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു. സിഹ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ ആശുപത്രി ശൃംഖലയില്‍ നൂറ്റിയന്‍പതോളം ആശുപത്രികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ മുക്കുമൂലകളിലും വേഗത്തില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജെല്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സവാഹ, ഡിജിറ്റല്‍ ഗവണ്‍മെന്റിനായുള്ള ജനറല്‍ അതോറിറ്റി ഗവര്‍ണര്‍ എന്‍ജിനിയര്‍ അഹമ്മദ് അല്‍ സുവയാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തത്.
സൗദിയുടെ സുപ്രധാന ദേശീയ പരിവര്‍ത്തന പദ്ധതിയിലൊന്നാണ് ആരോഗ്യ മേഖലയിലെ ഡിജിറ്റല്‍വത്കരണം. വെര്‍ച്വല്‍ മെഡിസിന്‍ ആപ്ലിക്കേഷനുകള്‍ വര്‍ദ്ധിപ്പിക്കുക, പൗരന്മാരുടെ സേവനത്തില്‍ മികച്ച വെര്‍ച്വല്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുക എന്നിവയാണ് സിഹയുടെ ലക്ഷ്യം. പ്രതിവര്‍ഷം 500,000 ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന ഈ വിര്‍ച്വല്‍ ആശുപത്രിയില്‍ 34 ഉപ-സ്‌പെഷ്യാലിറ്റികളും പ്രത്യേക വിഭാഗങ്ങളും ഉണ്ടാകും. അത്യാവശ്യ ഘട്ടങ്ങളില്‍ ഓണ്‍ലൈന്‍ വഴി രോഗിക്ക് ഡോക്ടര്‍മാരെ ബന്ധപ്പെടാം.
രോഗിയുടെ പ്രദേശത്തെ ആരോഗ്യ കേന്ദ്രമോ ആശുപത്രിയോ അടിയന്തിരമായി രോഗിയുമായി ബന്ധപ്പെടും. ആവശ്യമെങ്കില്‍ വീടുകളില്‍ തന്നെ ഐ.സി.യു സംവിധാനം സജ്ജീകരിച്ച് ഓണ്‍ലൈനില്‍ നിരീക്ഷണം തുടരും. വിദൂര ദിക്കുകളിലുള്ളവര്‍ക്കും തിരക്കേറിയ ഇടങ്ങളിലും സേവനം നേട്ടമാകുമെന്ന് ആരോഗ്യ വകുപ്പ് ഉപ മന്ത്രിയും ഔദ്യോഗിക വക്താവുമായ ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു.