ഉംറ പെർമിറ്റുകൾ നിർത്തിവെച്ചു; ദുൽഹജ്ജ് 20ന് ശേഷം തുടരും
ഇപ്പോൾ മക്കയിലുള്ള മുഴുവൻ ഉംറ തീർഥാടകരും ജൂണ് 19ന് മുമ്പ് സൗദി വിട്ട് പുറത്ത് പോകണമെന്ന് അധികൃതർ
ഹജ്ജ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് ഇന്നത്തോടെ അവസാനിച്ചു. നിലവിൽ മക്കയിൽ ഉംറക്കെത്തിയ തീർഥാടകർ ഈ മാസം 19ന് മുമ്പ് സൌദി വിട്ട് പുറത്ത് പോകണം. ദുൽഹജ്ജ് 20 വരെയാണ് ഉംറ തീർഥാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും നിറുത്തി വെക്കാറുള്ളത് പോലെ തന്നെയാണ് ഇത്തവണയും ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് അവസാനിപ്പിച്ചത്. നാളെ മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ഹജ്ജ് പെർമിറ്റ് നിർബന്ധമാണ്. ജോലി ആവശ്യാർഥം മക്കയിലേക്ക് പോകേണ്ടവർ പ്രത്യേകം പെർമിറ്റെടുക്കണം. നാളെ മുതൽ ചെക്ക് പോയിൻ്റുകളിൽ പരിശോധന കർശനമാക്കും. പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ദുൽഹജ്ജ് 20 അഥവാ ജുലൈ 8 വരെയാണ് ഉംറക്കുള്ള നിയന്ത്രണം. അത് വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമേ ഉംറ ചെയ്യാൻ അനുവാദമുള്ളൂ. കൂടാതെ ഉംറ ചെയ്യാനായി നിലവിൽ മക്കയിത്തിയവർക്കും ഉംറക്ക് അനുവാദമുണ്ട്. എന്നാൽ ഇപ്പോൾ മക്കയിലുള്ള മുഴുവൻ ഉംറ തീർഥാടകരും ജൂണ് 19ന് മുമ്പ് സൌദി വിട്ട് പുറത്ത് പോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.