സൗദിയിൽ വാഹന പരിശോധന ശക്തമാക്കി; ആഗസ്റ്റിൽ മാത്രം 2,15,000 പരിശോധനകൾ

ഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്താനായി ശക്തമായ പരിശോധനകളാണ് രാജ്യത്ത് നടന്നുവരുന്നത്.

Update: 2023-09-10 18:44 GMT
Advertising

ജിദ്ദ: സൗദിയിൽ കഴിഞ്ഞ മാസം വാഹന ഗാതാഗത മേഖലയിൽ രണ്ട് ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി ഗതാഗത അതോറിറ്റി. റോഡ് വഴിയുള്ള ചരക്ക് ഗാതാഗത സംവിധാനത്തിലാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന ശക്തമായി തുടരുമെന്ന് അതോറിറ്റി അറിയിച്ചു.

ഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്താനായി ശക്തമായ പരിശോധനകളാണ് രാജ്യത്ത് നടന്നുവരുന്നത്. ഇതിനായി പൊതു ഗതാഗത അതോറിറ്റി വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക ഫീൽഡ് കാമ്പയിനുകൾ ആരംഭിച്ചു. കഴിഞ്ഞമാസം മാത്രം 2,19,000 പരിശോധനകളാണ് റോഡ് ഗതാഗത മേഖലയിൽ നടന്നത്.

ഇതിൽ 2,15,000 പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങളും 235 വിദേശ വാഹനങ്ങളും ഉൾപ്പെടും. റോഡ് വഴിയുള്ള ചരക്ക് ​ഗതാ​ഗത വാഹനങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത്. റോഡ് ട്രാൻസ്പോർട്ട് സ്ഥാപനങ്ങളിലും സമുദ്ര ഗതാഗത സ്ഥാപനങ്ങളിലും 2100 പരിശോധനകൾ വീതം നടത്തി.

റോഡ് ഗതാഗത പരിശോധനയിൽ 31,000 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്യാമറ വഴിയുള്ള ഓട്ടോമാറ്റിക് നിരീക്ഷണങ്ങളിലൂടെ 2800ഓളം നിയമ ലംഘനങ്ങളും കണ്ടെത്തി. ആ​ഗസ്റ്റിൽ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത് കിഴക്കൻ മേഖലയിലാണ്.

7500 നിയമ ലംഘനങ്ങളാണ് കിഴക്കൻ മേഖലയിൽ റിപ്പോർട്ട് ചെയ്തത്. റിയാദ് മേഖലയിൽ 7000, മക്ക മേഖലയിൽ 6700, തബൂക്ക് മേഖലയിൽ 1500 എന്നിങ്ങിനെയാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത മറ്റു മേഖലകൾ.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News