ഹജ്ജിനെത്തുന്ന വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാൻ വെർച്വൽ റിയാലിറ്റി ഗ്ലാസ് സംവിധാനം
ബസുകളുടെ പരിശോധന വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം.
മക്ക: ഹജ്ജിനെത്തുന്ന വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാൻ ഇത്തവണ വെർച്വൽ റിയാലിറ്റി ഗ്ലാസ് സംവിധാനം നടപ്പാക്കുന്നു. ഈ ഗ്ലാസ് ധരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉടനടി വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാനാകും. ഇത്തവണ ഹാജിമാരെ പുണ്യസ്ഥലങ്ങളിലേക്ക് എത്തിക്കുന്ന ബസുകളിലും ഈ പരീക്ഷണം നടപ്പാക്കും. ബസുകളുടെ പരിശോധന വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം.
ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജിനീയർ സാലിഹ് അൽ ജാസിർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓഗ്മെൻ്റഡ് റിയാലിറ്റി ടെക്നോളജിയുടെ സഹായത്തോടെയാണ് പുതിയ സേവനം പ്രവർത്തിക്കുന്നത്. വാഹനം അടുത്തെത്തുന്നതോടെ വാഹനത്തിൻ്റെയും ഡ്രൈവറുടെയും നിയമ സാധുത ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥർക്ക് വേഗത്തിൽ മനസിലാക്കാനാവും. നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ ഉടൻ അത് രേഖപ്പെടുത്താനും ഇതിൽ സംവിധാനമുണ്ട്.
മക്കയിലേയും മദീനയിലേയും ബസുകൾ ഈ വിധം പരിശോധിക്കും. വാഹനത്തിൻ്റെ കാലപ്പഴക്കം, അനുവദിച്ചിരിക്കുന്ന പെർമിറ്റ് തുടങ്ങിയവയും വെർച്ച്വൽ ഗ്ലാസ് വഴി കണ്ടെത്താം. പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ ഇത് വളരെയേറെ സഹായകരമാകും. കൂടാതെ വാഹന പരിശോധന സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതാദ്യമായാണ് ഹജ്ജിന് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത്.