വിന്റർ-ഇന്ത്യ ഫെസ്റ്റ് 2023 സ്വാഗതസംഘം രൂപീകരിച്ചു

Update: 2023-07-23 06:55 GMT
Advertising

ദമ്മാം: സാംസ്കാരികോത്സവമായ വിന്റർ ഇന്ത്യാ ഫെസ്റ്റ് - 2023 ന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സൗദി ജനറൽ എൻ്റർടൈൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ 2023 നവംമ്പർ 3ന് കോബാർ ട്രൈലാൻ്റ് സ്റ്റേഡിയത്തിൽ (അൽ ഗൊസ്സൈബി) നടക്കുന്ന വിന്റർ ഇന്ത്യ ഫെസ്റ്റിൽ ബോളിവുഡിലെയും തെന്നിന്ത്യൻ സിനിമാ മേഖലകളിലെയും മെഗാ സ്റ്റാറുകൾ പങ്കെടുക്കും. കിഴക്കൻ പ്രവിശ്യയിലെ സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ള കലാകാരൻമാരുടെ പ്രകടനം,  വൈവിധ്യമാർന്ന പവലിയിനുകൾ, സയൻസ് എക്സിബിഷൻ, കരകൗശല വസ്തുക്കളുടെ പ്രദർശനം, ബുക്ക്സ്റ്റാൾ, ഫുഡ്കോർട്ടുകൾ എന്നിവയും ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമാകും.

ഇ. ആർ ഇവന്റിന്റെ ബാനറിൽ ദമ്മാം-നവോദയ സാംസ്കാരിക വേദിയാണ് ഇന്ത്യാ ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. നവോദയ അഞ്ചുവർഷം കൂടുമ്പോൾ ഇത്തരം മെഗാ ഇവന്റ് സംഘടിപ്പിക്കാറുണ്ട്. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്ത സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ബഷീർ വാരോട് രക്ഷാധികാരിയും, പവനൻ മൂലക്കീൽ ചെയർമാനും, ലക്ഷമണൻ കണ്ടമ്പത്ത്, നന്ദിനി മോഹൻ (വൈ. ചെയർമാൻ), രഞ്ജിത് വടകര ജനറൽ കൺവീനർ, ഉമേഷ് കളരിക്കൽ കൺവീനർ, കൃഷ്ണകുമാർ ചവറ ട്രഷറർ എന്നിവർ ഭാരവാഹികളായി വിവിധ സബ്കമ്മിറ്റികൾ അടങ്ങിയ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

പാരഗൺ ഓഡിറ്റോറിയത്തിൽ നവോദയ പ്രസിഡൻ്റ് ലക്ഷമണൻ കണ്ടമ്പത്തിന്റെ അധ്യക്ഷത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട് ഉദ്ഘാടനം ചെയ്തു. നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതസംഘം പാനൽ അവതരിപ്പിച്ചു. നവോദയ രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, ഹനീഫ മൂവാറ്റ്പുഴ, കേരള പ്രവാസിസംഘം ഏറണാകുളം ജില്ലാ വൈ. പ്രസിഡൻ്റ് നിസ്സാർ എമാറാൾഡ്, നവോദയ ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ്, ദമ്മാമിലെ സാമൂഹ്യ പ്രവർത്തകരായ സുനിൽ മുഹമ്മദ്, താജു അയ്യാരിൽ, മുസ്തഫ തലശ്ശേരി, ഷിഹാബ് കൊയിലാണ്ടി, സ്വാഗതസംഘം ജനറൽ കൺവീനർ രഞ്ജിത് വടകര എന്നിവർ സംസാരിച്ചു. ചടങ്ങിൽ നവോദയ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ സ്വാഗതവും, നവോദയ കേന്ദ്ര ജോ. സെക്രട്ടറി നൗഫൽ വെളിയങ്കോട് നന്ദിയും രേഖപ്പെടുത്തി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News