നവംബർ വരെ 1.5 കോടി സന്ദർശകർ; ദുബൈയിലേക്ക് സന്ദർശക പ്രവാഹം
കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് ദുബൈ വേഗത്തിൽ തിരിച്ചു വരുന്നതിന്റെ സൂചന കൂടിയാണ് പുതിയ കണക്കുകൾ നൽകുന്നത്
ദുബൈയിലേക്ക് സന്ദർശകപ്രവാഹം. ഈ വർഷം നവംബർ മാസം വരെ ദുബൈയിൽ എത്തിയത് 1.28 കോടി സന്ദർശകരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 112.96 ശതമാനം വളർച്ചയാണിത്. ജനുവരി മുതൽ നവംബർ വരെയുള്ള കണക്ക് ദുബൈ സാമ്പത്തിക, ടൂറിസം വിഭാഗമാണ് പുറത്തുവിട്ടത്
കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് ദുബൈ വേഗത്തിൽ തിരിച്ചു വരുന്നതിന്റെ സൂചന കൂടിയാണ് പുതിയ കണക്കുകൾ നൽകുന്നത്. 2019 ൽ രണ്ട് കോടിയോളം സഞ്ചാരികളാണ് ദുബൈയിൽ എത്തിയത്. അതിനെ അപേക്ഷിച്ച് 39 ലക്ഷം പേർ ഈ വർഷം കുറവാണെങ്കിലും പഴയ സ്ഥിതിയിലേക്ക് ദുബൈ തിരിച്ച് പോവുകയാണ്.
ദുബൈയിലെ ടൂറിസം മേഖല സജീവമായതാണ് കൂടുതൽ യാത്രക്കാർ എത്താൻ കാരണം. കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോൾ തന്നെ യു.എ.ഇ ടൂറിസം മേഖല സജീവമായിരുന്നു. എക്‌സ്പോ 2020, ഖത്തർ ലോകകപ്പ് എന്നിവയാണ് ദുബൈയിലേക്കുള്ള സന്ദർശകപ്രവാഹത്തിനു പ്രധാന കാരണം. ഏറ്റവും കൂടുതൽ ആളുകളെത്തിയത് പശ്ചിമ യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നാണ്. 20 ശതമാനം പേർ ഈ മേഖലയിൽ നിന്നെത്തിയപ്പോൾ 17 ശതമാനം പേർ ദക്ഷിണേഷ്യയിൽ നിന്നെത്തി.
ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യയിൽ നിന്നാണ്, 16.4 ലക്ഷം യാത്രക്കാർ. 2021നെ അപേക്ഷിച്ച് 6.8 ശതമാനം വർധനവുണ്ടായി. 2031ഓടെ 40 ദശലക്ഷം അതിഥികളെയാണ് ദുബൈ ലക്ഷ്യമിടുന്നത്.