ദേശീയ ദിനാഘോഷങ്ങൾക്ക് പുതിയ പേര് നൽകി യുഎഇ

ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനമായി ആഘോഷിക്കുന്നത്

Update: 2024-11-13 15:18 GMT
Advertising

ദുബൈ: യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് പുതിയ പേരു നൽകി യുഎഇ. ഈദ് അൽ ഇത്തിഹാദ് അഥവാ ഐക്യപ്പെരുന്നാൾ എന്നാണ് പുതിയ പേര്. ആഘോഷ സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്.

എമിറേറ്റിന്റെ ഐക്യവും പൈതൃകവും അഭിമാനവും ആഘോഷിക്കുന്നതാണ് ഈദ് അൽ ഇത്തിഹാദ് എന്ന പുതിയ പേര്. എല്ലാ വർഷവും ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഈ വർഷം ഏഴു എമിറേറ്റുകളിലും ഈദ് അൽ ഇത്തിഹാദ് പരിപാടികളുണ്ടാകും. എന്നാൽ പ്രധാന ആഘോഷങ്ങളുടെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

യുഎഇയുടെ 53ാമത് ദേശീയ ദിനാഘോഷമാണ് ഇത്തവണത്തേത്. നീണ്ട വാരാന്ത്യത്തിൽ ആഘോഷമെത്തുന്നു എന്ന സവിശേഷതയും ഇപ്രാവശ്യമുണ്ട്. ഡിസംബർ രണ്ട് തിങ്കൾ, മൂന്ന് ചൊവ്വ ദിവസങ്ങൾ ആഘോഷത്തിന്റെ ഭാഗമായി അവധിയാണ്. ശനി, ഞായർ കൂടി ലഭിക്കുമ്പോൾ ആകെ നാലു ദിവസത്തെ അവധി ലഭിക്കും.

എമിറേറ്റുകളുടെ ഏകീകരണം ആഘോഷിക്കുന്ന ചരിത്രനിമിഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടക സമിതിയുടെ സ്ട്രാറ്റജിക് ആന്റ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽ സുബൗസി പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News