ദുബൈ നഗരം ആസ്വദിക്കാൻ ക്രീക്ക് ഹാർബറിൽ പുതിയ വ്യൂപോയന്റ്
സൗജന്യ പ്രവേശനം
ദുബൈ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ക്രീക്ക് ഹാർബറിൽ പുതിയ വ്യൂപോയന്റ് നിർമാണം പൂർത്തിയായി. ദുബൈ ക്രീക്കിന്റെ മറുകരയിൽ നിന്ന് നഗരത്തെ കാണാൻ അവസരമൊരുക്കുന്ന ഇവിടേക്ക് പ്രവേശനം സൗജന്യമാണ്.
ദുബൈ ക്രീക്ക് ഹാർബറിൽ സമുദ്ര നിരപ്പിൽ നിന്ന് 11.65 മീറ്റർ ഉയരത്തിലാണ് പുതിയ വ്യൂപോയന്റ് നിർമിച്ചിരിക്കുന്നത്. നഗരത്തിന്റെ മിക്ക ഭാഗങ്ങളും ഇവിടെ നിന്ന് ആസ്വദിക്കാനാവും. ബുർജ് ഖലീഫയടക്കം സ്ഥിതി ചെയ്യുന്ന ഡൗൺടൗൺ ദുബൈ, മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി, അഡ്രസ് ഗ്രാൻഡ് ട്വിൻ ടവറുകൾ എന്നിവ ഇവിടെ നിന്ന് തടസമില്ലാതെ കാണാം. 70മീറ്റർ നീളത്തിൽ നടപ്പാതയും ഇതോടൊപ്പം നിർമിച്ചിട്ടുണ്ട്.
സ്റ്റീൽ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷിതമായ രീതിയിൽ ഒത്തുകൂടാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള ഇടമാണിത്. നഗരത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോകളും ചിത്രങ്ങളും പകർത്താനും ഇവിടെ കഴിയും. സോഷ്യൽ മീഡിയ ചിത്രങ്ങൾക്ക് യോജിച്ച സ്ഥലം എന്ന നിലയിൽ യുവാക്കളെയും പുതിയ വ്യൂപോയന്റ് ആകർഷിക്കുന്നു.