ഇറക്കുമതിയിൽ സർവകാല റെക്കോഡ്; കുതിച്ച് ഇന്ത്യ-യുഎഇ വ്യാപാരം
612 കോടി യുഎസ് ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്തു
ദുബൈ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ സർവകാല റെക്കോർഡ്. വാണിജ്യ ഇറക്കുമതിയിൽ 109 ശതമാനം വർധനയാണ് നവംബറിൽ രേഖപ്പെടുത്തിയത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറാണ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
612 കോടി യുഎസ് ഡോളറിന്റെ ഉത്പന്നങ്ങളാണ് നവംബറിൽ ഇന്ത്യ യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട രേഖകൾ പറയുന്നു. മുൻ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് ഇറക്കുമതിയിൽ 109.57 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. മിനറൽ ഓയിൽ, സുഗന്ധ ദ്രവ്യങ്ങൾ, ഭക്ഷ്യഎണ്ണ, അമൂല്യരത്‌നങ്ങൾ, ഇരുമ്പ്, അലുമിനിയം തുടങ്ങിയവയാണ് പ്രധാനമമായും ഇറക്കുമതി ചെയ്തിട്ടുള്ളത്.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതിയിൽ 11.38 ശതമാനത്തിന്റെ വർധനയുണ്ടായി. കഴിഞ്ഞ മാസം മുന്നൂറു കോടി യുഎസ് ഡോളർ മൂല്യമുള്ള വസ്തുക്കളാണ് അറബ് രാജ്യത്തേക്ക് കയറ്റുമതി ചെയ്തത്. അതായത്, യുഎഇയുമായി 312 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയാണ് ഇന്ത്യക്കുള്ളത്.
ഏപ്രിൽ-നവംബർ കാലയളവിൽ യുഎഇയിൽനിന്നുള്ള ഇറക്കുമതി 60 ശതമാനം വർധിച്ച് 4476 കോടി ഡോളറിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 2783 കോടി ഡോളറായിരുന്നു ഇറക്കുമതി. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതി 15.25 ശതമാനം വർധിച്ച് 2394 കോടി ഡോളറിലുമെത്തി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 2077 കോടി മാത്രമായിരുന്നു.
2022 മെയിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധത്തിൽ പ്രതിഫലിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. 2023-24 സാമ്പത്തിക വർഷം 8365 കോടി ഡോളർ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരമാണ് ഇരുരാഷ്ട്രങ്ങളും തമ്മിൽ നടന്നത്.