ദുബൈ എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് വിലക്ക്; ജനുവരി ഒന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ
വൈകിട്ട് അഞ്ചരയ്ക്കും എട്ടിനുമിടയിലാണ് വിലക്കുള്ളത്
ദുബൈ: ദുബൈ എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി അധികൃതർ. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ തീരുമാനം. വൈകിട്ട് അഞ്ചരയ്ക്കും എട്ടിനുമിടയിലാണ് വിലക്കുള്ളത്. ജനുവരി ഒന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിലാകും. അൽ അവീർ സ്ട്രീറ്റിനും ഷാർജയ്ക്കുമിടയിലാണ് ട്രക്കുകൾക്ക് ഗതാഗത നിയന്ത്രണമുള്ളത്. റോഡ് സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
2024 ഏപ്രിൽ മുതൽ നഗരത്തിലെ മറ്റൊരു പ്രധാനപാതയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾക്ക് ഗതാഗത നിയന്ത്രണമുണ്ട്. തിരക്കു കൂടിയ രാവിലെയും വൈകിട്ടുമാണ് ട്രക്കുകൾക്ക് നിയന്ത്രണം. ഇതാണ് എമിറേറ്റ്‌സ് റോഡിലേക്കു കൂടി വ്യാപിപ്പിച്ചത്.
വിവിധ താമസമേഖലകളിലേക്കും ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഷാർജയ്ക്കടുത്തുള്ള അൽ മിസ്ഹർ, മുഹൈസിന, ഔദ് അൽ മതീന എന്നിവിടങ്ങളിൽ രാവിലെ ആറു മുതൽ രാത്രി പത്തുവരെയാണ് വിലക്ക്. ദുബൈയിലെ അൽ ഇത്തിഹാദ് സ്ടീറ്റ്, മെയ്ദാൻ സ്ട്രീറ്റ്, ക്രോസിങ്ങുകൾ എന്നിവിടങ്ങളിൽ സമ്പൂർണ ട്രക്ക് നിരോധമുണ്ട്. തിരക്കുള്ള സമയങ്ങളിൽ ട്രക്കുകൾ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ട്രാഫിക് ആന്റ് റോഡ്‌സ് അതോറിറ്റി സിഇഒ ഹുസൈൻ അൽ ബന്ന അഭ്യർഥിച്ചു.