223 സൂചികകളിൽ യുഎഇ ഒന്നാമത്‌

സുപ്രധാന സൂചികകളായ സാമ്പത്തിക നിർവഹണത്തിൽ രണ്ടാം സ്ഥാനത്തും ഭരണ കാര്യക്ഷമതയിൽ നാലാമതുമാണ് യുഎഇ

Update: 2024-12-17 15:53 GMT
Advertising

ദുബൈ: ഈ വർഷത്തെ ആഗോള മത്സരസൂചികകളിൽ ഇരുനൂറിലേറെ വിഭാഗങ്ങളിൽ ഒന്നാമതെത്തി യുഎഇ. സാമ്പത്തിക രംഗം, വ്യോമഗതാഗതം, വിദേശനിക്ഷേപം, ഭരണനിർവഹണം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിൽ രാജ്യം കുതിച്ചുചാട്ടം നടത്തിയതായി കണക്കുകൾ പറയുന്നു.

രാജ്യങ്ങളെ കുറിച്ചുള്ള ലോകത്തെ ഏറ്റവും സമഗ്ര വാർഷിക റിപ്പോർട്ടായ ഐഎംഡി വേൾഡ് കോംപിറ്റിറ്റീവ്‌നെസ് ഇയർ ബുക്കിലാണ്, ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളുള്ളത്. 223 സൂചികകളിലാണ് യുഎഇ ഒന്നാം സ്ഥാനത്തുള്ളത്. മുൻ വർഷം 215 സൂചികകളിലായിരുന്നു ആദ്യ സ്ഥാനം. സാങ്കേതിക വിദ്യയിലൂന്നിയ സാമ്പത്തിക പദ്ധതികളും ഭരണനിർവഹണ മേഖലയിലെ പരിഷ്‌കാരങ്ങളുമാണ് നേട്ടങ്ങൾക്കു നിമിത്തമായത്.

സുപ്രധാന സൂചികകളായ സാമ്പത്തിക നിർവഹണത്തിൽ രണ്ടാം സ്ഥാനത്തും ഭരണ കാര്യക്ഷമതയിൽ നാലാമതുമാണ് യുഎഇ. വ്യോമഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാമതാണ്. നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികളിൽ രണ്ടാമതും റോഡ് ഗുണമേന്മയിൽ അഞ്ചാമതുമാണ്. ടെലി കമ്യൂണിക്കേഷൻ അടിസ്ഥാനസൗകര്യത്തിൽ നൂറു ശതമാനം മാർക്കും യുഎഇ സ്വന്തമാക്കി. ആകെയുള്ള പ്രകടനത്തിൽ ഏഴാമതാണ് രാജ്യം.

ഐക്യരാഷ്ട്രസഭയുടേതടക്കം ഈയിടെ പ്രസിദ്ധീകരിച്ച നിരവധി റിപ്പോർട്ടുകളിൽ യുഎഇ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചിരുന്നു. യുഎൻ വികസന പദ്ധതി പുറത്തിറക്കിയ മനുഷ്യവിഭവ സൂചികയിൽ പശ്ചിമേഷ്യയിൽ ഒന്നാമതായിരുന്നു യുഎഇ. ആഗോള തലത്തിൽ പതിനേഴാമതും. ആഗോള സംരഭകത്വ മോണിറ്റർ റിപ്പോർട്ടിൽ മൂന്നു വർഷമായി ഒന്നാമതാണ് അറബ് രാജ്യം. ട്രാവൽ ആന്റ് ടൂറിസം, സിവിൽ വ്യോമയാനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഒരുപിടി റിപ്പോർട്ടുകളിൽ യുഎഇ മേധാവിത്വം നിലനിർത്തി വരികയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News