റാസൽഖൈമ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻകുതിപ്പ്
റാക് അൽ മർജാൻ ഐലൻഡിൽ 12,000 റെസിഡൻഷ്യൽ യൂനിറ്റുകളുൾപ്പെടുന്ന ഫ്രീ ഹോൾഡ് പ്രോപർട്ടി വിറ്റു തീർന്നതായി അധികൃതർ
റാസൽഖൈമ: റാസൽഖൈമ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻകുതിപ്പ്. ഫ്രീഹോൾഡ് പ്രോപർട്ടികൾ വൻതോതിൽ വിറ്റുപോകുന്നതായി അധികൃതർ അറിയിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വസ്തു സ്വന്തമാക്കുന്നവരിൽ ഏറെയും.
റാക് അൽ മർജാൻ ഐലൻഡിൽ 12,000 റെസിഡൻഷ്യൽ യൂനിറ്റുകളുൾപ്പെടുന്ന ഫ്രീ ഹോൾഡ് പ്രോപർട്ടി വിറ്റു തീർന്നതായി അധികൃതർ. ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകൾക്ക് പുറമെ റാസൽഖൈമയിലും ഫ്രീ ഹോൾഡ് പ്രോപർട്ടികൾക്ക് വൻ ഡിമാൻറാണുള്ളത്. 15,000 മുറികളുൾപ്പെടുന്ന ഹോട്ടലുകളും 12,000 റെസിഡൻഷ്യൽ യൂനിറ്റുകളുമാണ് അൽ മർജാൻ ഐലൻഡിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിൽ റെസിഡൻഷ്യൽ യൂനിറ്റുകളുടെ വിൽപന പുതിയ പദ്ധതികൾക്ക് ഊർജം നൽകുന്നതാണ്.
കോവിഡിന് ശേഷം റാസൽഖൈമയിലെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. ഇത് ഫ്രീ ഹോൾഡ് പ്രോപർട്ടികളുടെ ഡിമാൻഡ് വർധിപ്പിച്ചു. 7.8 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ബീച്ച്, 2.7 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള നാല് മനുഷ്യ നിർമിത ദ്വീപുകൾ ഉൾക്കൊള്ളുന്നതാണ് അൽ മർജാൻ ഐലൻഡ്. 100 ശതമാനം വിദേശ ഉടമസ്ഥാവകാശം, സൗജന്യ വ്യക്തിഗത നികുതി, ലാഭത്തിന് പുറമെ നിക്ഷേപത്തിലൂടെ ദീർഘകാല താമസം, 100 ശതമാനം മൂലധനവും സ്വദേശത്തേക്ക് മാറ്റുന്നതിനുള്ള സൗകര്യം തുടങ്ങിയവ ലോക നിക്ഷേപകരെ റാക് മർജാൻ ഐലൻഡിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്.