ടൂറിസം രംഗത്തെ വിദേശ നിക്ഷേപം; ദുബൈ നഗരം വീണ്ടും ഒന്നാം സ്ഥാനത്ത്
ദി ഫിനാൻഷ്യൽ ടൈംസിന്റെ ആഗോള ഗ്രീൻഫീൽഡ് എഫ്ഡിഐ ഇൻവെസ്റ്റ്‌മെന്റ് മാർക്കറ്റ് ഡാറ്റയിലാണ് ദുബൈ നഗരം ടൂറിസം നിക്ഷേപത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്.
ദുബൈ: കോവിഡ് പ്രതിസന്ധിക്കാലത്തും ടൂറിസം മേഖലയിലെ വിദേശ നിക്ഷേപത്തിൽ ദുബൈ നഗരം ഒന്നാം സ്ഥാനത്ത്. കഴിഞ്ഞവർഷം 30 എഫ്ഡിഐ പദ്ധതികളിലൂടെ 1.7 ശതകോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ദുബൈയിലെത്തിയത്. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകളിലും ദുബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ദി ഫിനാൻഷ്യൽ ടൈംസിന്റെ ആഗോള ഗ്രീൻഫീൽഡ് എഫ്ഡിഐ ഇൻവെസ്റ്റ്‌മെന്റ് മാർക്കറ്റ് ഡാറ്റയിലാണ് ദുബൈ നഗരം ടൂറിസം നിക്ഷേപത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. കണക്കുകൾ പുറത്തുവിട്ട ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾക്ക് സമ്മാനിക്കുന്നതായി അറിയിച്ചു. ദുബൈ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ബിസിനസ് സൗഹൃദ നയങ്ങൾ, നിക്ഷേപ സൗഹൃദ നിയമം എന്നിവയാണ് മുതൽ മുടക്കിയവരെ ആകർഷിച്ചതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. 2021 ൽ കടന്നുവന്ന വിദേശ നിക്ഷേപങ്ങളിലൂടെ 5,545 പേർക്ക് നേരിട്ട് തൊഴിൽ നൽകാനായി.
കോവിഡ് വെല്ലുവിളികൾക്കിടയിൽ സംഘടിപ്പിച്ച ദുബൈ എക്‌സ്‌പോയും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ദുബൈക്ക് സഹായകമായി. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കിലും ലണ്ടൻ, പാരിസ്, ഷാങ്ഗായ് നഗരങ്ങൾക്ക് മുന്നിലാണ് ദുബൈയുടെ സ്ഥാനം. 2017 മുതൽ കഴിഞ്ഞവർഷം വരെ 22.8 ശതകോടി ഡോളറാണ് ദുബൈയിലെ ടൂറിസം രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയത്. 30,082 തൊഴിലവസരങ്ങൾ സൃഷിട്ക്കാനും ഇതിലൂടെ ദുബൈക്ക് കഴിഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.