സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയായി, ടൂറിസ്റ്റ് സീസണെ വരവേൽക്കാനൊരുങ്ങി ദുബൈ

സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങളാണ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്

Update: 2024-11-11 00:17 GMT
Advertising

ദുബൈ: നഗരത്തിലെ പ്രധാന ഇന്റർസെക്ഷനുകളിലെ സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയാക്കി ദുബൈ മുനിസിപ്പാലിറ്റി. ടൂറിസ്റ്റ് സീസണെ വരവേൽക്കുന്നതിന് മുന്നോടിയായാണ് ദുബൈ പച്ചപ്പണിഞ്ഞ് മനോഹരിയായത്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങളാണ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്.

ശൈഖ് സായിദ് റോഡിലെയും അൽ ഖൈൽ റോഡിലെയും ഏഴ് ഇന്റർസെക്ഷനുകളാണ് 245 മില്യൺ ദിർഹം ചെലവിട്ട് ദുബൈ മുനിസിപ്പാലിറ്റി അതീവ മനോഹരമാക്കിയത്. ദുബൈ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായായിരുന്നു സൗന്ദര്യവൽക്കരണം. കൂറ്റൻ പാലങ്ങൾക്കും ഫ്‌ളൈ ഓവറുകൾക്കും ഇടയിലെ സ്ഥലങ്ങളിൽ മുനിസിപ്പാലിറ്റി വച്ചു പിടിപ്പിച്ചത് ഇരുപത്തിയഞ്ച് ലക്ഷം ചെറുചെടികളാണ്. 6500 മരങ്ങളും നട്ടു. ഇന്റർസെക്ഷനുകൾ പച്ചയുടുത്തതോടെ ഇവിടങ്ങളിലൂടെയുള്ള സഞ്ചാരം കൺകുളിർമയുള്ള അനുഭവമായി മാറി.

നഗരത്തിൽ ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. ആസൂത്രിതവും സുസ്ഥിരവുമായ പദ്ധതികളിലൂടെ നഗരത്തിലെ ആളോഹരി ഹരിതയിടങ്ങൾ വർധിപ്പിക്കണം. ജീവിക്കാൻ ഏറ്റവും മികച്ച നഗരമാക്കി ദുബൈയെ മാറ്റാനുള്ള ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ നയങ്ങളോട് ചേർന്നു നിന്നാണ് തങ്ങളുടെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈയിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിലെ നാലും അൽ ഖൈൽ റോഡിലെ മൂന്നും ഇന്റർസെക്ഷനുകളിലാണ് സൗന്ദര്യവൽക്കരണം നടപ്പാക്കിയത്. ദുബൈയെ സുസ്ഥിരവും ഹരിതാഭവുമായ നഗരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News