യു.എ.ഇ പ്രസിഡന്റ് കുവൈത്തിൽ; സ്വീകരിച്ച് കുവൈത്ത് അമീർ

ബന്ധങ്ങൾ, സമ്പദ് വ്യവസ്ഥ, നിക്ഷേപം, വ്യാപാര വിനിമയം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നാഴികക്കല്ലാണ് സന്ദർശനമെന്ന് കുവൈത്ത് അമീർ

Update: 2024-11-10 16:21 GMT
Advertising

കുവൈത്ത് സിറ്റി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. കുവൈത്ത് അമീർ യു.എ.ഇ പ്രസിഡന്റിനെ അമീരി ടെർമിനലിൽ നേരിട്ടെത്തി സ്വീകരിച്ചു. കുവൈത്ത് കിരീടാവകാശി, ആക്ടിങ് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, മുതിർന്ന ഉദ്യോഗസഥർ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

ബയാൻ പാലസിലേക്ക് പരമ്പരാഗത കലാപരിപാടികൾ, കുതിരപ്പടയാളികൾ എന്നിവയോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ ആനയിച്ചത്. സൈനിക ഹെലികോപ്റ്ററുകളും അനുഗമിച്ചു. ഇരു രാജ്യങ്ങളുടെയും പതാകകൾ ഉയർത്തി കുട്ടികളും കലാസംഘങ്ങളും റോഡിനിരുവശവും അണിനിരന്നു.

പാലസിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ പീരങ്കികൾ 21 റൗണ്ട് വെടിയുതിർത്തു. ബയാൻ പാലസിൽ യു.എ.ഇ പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും വിരുന്നൊരുക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ, സമ്പദ് വ്യവസ്ഥ, നിക്ഷേപം, വ്യാപാര വിനിമയം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നാഴികക്കല്ലാണ് സന്ദർശനമെന്ന് യു.എ.ഇ പ്രസിഡന്റുമായുള്ള ചർച്ചയിൽ അമീർ പറഞ്ഞു. കുവൈത്തും യു.എ.ഇയും തമ്മിലുള്ള പ്രാദേശികമായും ആഗോളതലത്തിലുമുള്ള ഐക്യത്തിൽ അഭിമാനിക്കുന്നതായും അമീർ വ്യക്തമാക്കി.

പുരോഗതിക്കും സമൃദ്ധിക്കും സാമ്പത്തിക സഹകരണം ഉറച്ച അടിത്തറയാണെന്ന് വിശ്വസിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പറഞ്ഞു. ജി.സി.സി തങ്ങളുടെ പൊതു താൽപ്പര്യമായ പ്രാദേശിക സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പുനൽകുന്നതായും കൂട്ടിച്ചേർത്തു.

വൈകീട്ടോടെ ഒദ്യോഗിക സന്ദർശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനെയും പ്രതിനിധി സംഘത്തെയും കുവൈത്ത് കിരീടാവകാശിയും മുതിർന്ന മന്ത്രിമാരും യാത്രയാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News