യു.എ.ഇയിൽ ഇ-മെയിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി സൈബർ സെക്യൂരിറ്റി കൗൺസിൽ
ദുബൈ: ഇ-മെയിൽ വഴി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കാൻ യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ ജാഗ്രതാ നിർദേശം. സൈബർ തട്ടിപ്പുകാർ സാധാരണയായി ഉപയോഗിക്കുന്ന തട്ടിപ്പ് ഇ-മെയിലുകളുടെ സ്വഭാവം സംബന്ധിച്ച് സുരക്ഷാകൗൺസിൽ ബോധവൽകരണം ആരംഭിച്ചു.
ഏഴ് തരം ഇമെയിലുകൾ അയച്ചാണ് ക്രിമിനലുകൾ ഇരകളെ പലപ്പോഴും വലയിലാക്കാൻ ശ്രമിക്കാറ്. അക്കൗണ്ട് വെരിഫിക്കേഷൻ ആവശ്യം ഉന്നയിച്ച് വരുന്ന ഇമെയിലുകളെ ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യാൻ. ക്ലൗഡ് ഷെയർ നോട്ടിഫിക്കേഷൻ ആണെന്ന വ്യാജേനയും ഇത്തരം ഇമെയിലുകൾ ഉപയോക്താക്കളെ തേടിയെത്താം. ഇടപാട് നടത്തിയതിന്റെ ബില്ലുകളെന്ന രീതിയിലും, ഇൻവോയ്‌സ് എന്ന വ്യാജേനയും തട്ടിപ്പുകാരുടെ മെയിലുകൾ ലഭിക്കാം.
നടത്തിയതായി വ്യക്തതയില്ലാത്ത ഇത്തരം ബില്ലുകളുടെ അറ്റാച്ച്‌മെന്റിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് പലവട്ടം ആലോചിക്കണം. സമാനമായ രീതിയിൽ ചരക്ക് ആയച്ചതിന്റെയോ, സ്വീകരിച്ചതിന്റോയോ ഡെലവറി സ്റ്റാറ്റസ് എന്ന വ്യാജേന തട്ടിപ്പുകാരുടെ മെയിലുകൾ വരും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം മെയിൽ അയക്കുന്നതാണ് മറ്റൊരു രീതി. നിർണായകമായ കോർപറേറ്റ് വിവരം എന്ന് അവകാശപ്പെട്ട് വരുന്ന ഇമെയിലുകളും തട്ടിപ്പാകാം. വ്യാജ അറ്റാച്ച്‌മെന്റുകൾ സഹിതം അക്കൗണ്ട് ഫിഷ് ചെയ്യാൻ ലക്ഷ്യമിട്ട് അയക്കുന്ന ഇമെയിലുകളെയും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.