യുഎഇക്ക് ബാങ്കിങ് കരുത്ത്; മൂലധനത്തിലും ഗ്യാരണ്ടിയിലും മുന്നേറ്റം
മൂലധനത്തിൽ ഒരു വർഷത്തിനിടെ പത്തര ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്
ദുബൈ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂലധന നിലവാരം കൈവരിച്ച് യുഎഇ ബാങ്കിങ് മേഖല. മൂലധനത്തിലും ഗ്യാരണ്ടിയിലും അഞ്ഞൂറ് ബില്യൺ ദിർഹം എന്ന നാഴികക്കല്ലാണ് ബാങ്കുകൾ പിന്നിട്ടത്. മൂലധനത്തിൽ ഒരു വർഷത്തിനിടെ പത്തര ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ കണക്കു പ്രകാരം 2024 ജൂലൈ വരെ 502.6 ബില്യൺ ദിർഹമാണ് യുഎഇ ബാങ്കുകളുടെ മൂലധന-കരുതൽ നിക്ഷേപം. 2023 ജൂലൈയിലെ 454.9 ബില്യണിൽനിന്നാണ് വളർച്ച അഞ്ഞൂറ് ബില്യൺ കവിഞ്ഞത്. ഒരു വർഷത്തിനിടെ 10.5 ശതമാനത്തിന്റെ മികച്ച വളർച്ചാ നിരക്കാണ് മേഖലയിൽ രേഖപ്പെടുത്തിയത്.
ഈ വർഷത്തിന്റെ ആദ്യ ഏഴു മാസത്തിൽ മാത്രം 13.3 ബില്യൺ ദിർഹമാണ് മൂലധന-കരുതൽ ധനമേഖലയിലുണ്ടായത്. നിക്ഷേപത്തിന്റെ 86.3 ശതമാനവും ദേശീയ ബാങ്കുകളുടെ സംഭാവനയാണ്. ബാക്കിയുള്ള 13.7 ശതമാനം വിദേശ ബാങ്കുകളുടേതും. ദേശീയ ബാങ്കുകളേക്കാൾ ഒരു ശതമാനം വളർച്ച വിദേശ ബാങ്കുകൾ കൈവരിച്ചു.
ജൂലൈ അവസാനം 691.2 ബില്യണാണ് ബാങ്കുകളുടെ ആകെ നിക്ഷേപം. 2023 ൽ നിന്ന് 19.3 ശതമാനം വളർച്ചയാണ് മേഖലയിലുണ്ടായത്. ബാങ്ക് നിക്ഷേപവും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് സെൻട്രൽ ബാങ്ക് പറയുന്നു.