ഗസ്സയിലെ യുഎഇ ഹോസ്പിറ്റലിൽ ചികിത്സ തേടിയത് അമ്പതിനായിരം പേർ
ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ മാനുഷിക സഹായമെന്ന നിലയിൽ യുഎഇ ആരംഭിച്ചതാണ് ആശുപത്രി
ദുബൈ: ഗസ്സയിൽ യുഎഇ ആരംഭിച്ച ഫീൽഡ് ആശുപത്രിയിൽ ചികിത്സ തേടിയത് അമ്പതിനായിരത്തോളം പേർ. ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ മാനുഷിക സഹായമെന്ന നിലയിൽ യുഎഇ ആരംഭിച്ചതാണ് ആശുപത്രി. ഗസ്സയിലെ മാനുഷിക ദുരന്തം നേരിടാൻ യുഎഇ പ്രഖ്യാപിച്ച ഷിവൽറസ് നൈറ്റ് ത്രീ ഓപറേഷന്റെ ഭാഗമായി 2023 ഡിസംബറിലാണ് ആശുപത്രി സ്ഥാപിക്കപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റവരടക്കം 48,700 പേർ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയരായി. 1780 ശസ്ത്രക്രിയകൾ നടന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഗസ്സയിലെ വിവിധ ആശുപത്രികൾക്കായി പത്ത് ആംബുലൻസുകളാണ് യുഎഇ നൽകിയത്. നാനൂറു ടൺ ചികിത്സാ സഹാവും എത്തിച്ചു. സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് സേവനം വഴി ടെലി മെഡിസിൻ കൺസൽട്ടേഷനും നൽകി വരുന്നു.
അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഫീൽഡ് ആശുപത്രിയിൽ 150 ബെഡുകളാണുള്ളത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് ആശുപത്രി പ്രവർത്തിക്കുന്നത്.