യു.എ.ഇ @ 53; എങ്ങും ‘ഈദുൽ ഇത്തിഹാദ്’ ആഘോഷം
ആഘോഷത്തിൽ പങ്കുചേർന്ന് പ്രവാസികളും
ദുബൈ: ഇന്ന് യു.എ.ഇ ദേശീയദിനം. ഈദുൽ ഇത്തിഹാദ് അഥവാ ഐക്യത്തിന്റെ ആഘോഷം എന്ന പേരിൽ രാജ്യമൊട്ടാകെ വർണാഭമായ ആഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്. യു.എ.ഇ സ്വദേശികൾക്കൊപ്പം ലക്ഷകണക്കിന് പ്രവാസികളും ഈ ആഘോഷത്തിൽ പങ്കുചേരുന്നു.
അൽഐനിലാണ് ഈദുൽ ഇത്തിഹാദിന്റെ ഏറ്റവും വലിയ ചടങ്ങുകൾ നടന്നത്. അൽഹിജർ പർവത നിരകളെ പശ്ചാത്തലമാക്കി ഒരുക്കിയ വേദിയൽ 1971 മുതൽ 2024 വരെയുള്ള യു.എ.ഇയുടെ ജൈത്രയാത്രയും സൈനിക മുന്നറ്റങ്ങളും ദൃശ്യങ്ങളായി തെളിഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ്, വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും കിരീടാവകാശികളും ചടങ്ങിനെത്തി.
അബൂദബി അൽ സമീഹ മരുഭൂമിയിൽ സായുധ സേനയുടെ ഏറ്റവും വലിയ പരേഡിന് സാക്ഷിയാകാൻ പ്രധാനമന്ത്രി ശൈഖ് മുഹമ്മദും പ്രതിരോധമന്ത്രി ശൈഖ് ഹംദാനും അഭിവാദ്യം സേനയുടെ വിവിധ സാഹസിക പ്രകടനങ്ങൾ മരുഭൂമിയിൽ അരങ്ങേറി.
പ്രവാസി തൊഴിലാളികൾക്കായി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ കായിക മത്സരങ്ങളും സർക്കാർ സംഘടിപ്പിച്ചിരുന്നു. വിവിധ എമിറേറ്റുകളിൽ ആയിരകണക്കിന് പേർ സംഗമിക്കുന്ന പരേഡും ആഘോഷങ്ങളും പുരോഗമിക്കുകയാണ്.