ഫ്‌ളൈ ദുബൈക്ക് ഇന്ന് 15 വയസ്
ഇപ്പോൾ 125 നഗരങ്ങളിലേക്ക് സർവീസ്
ദുബൈയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്‌ളൈ ദുബൈക്ക് ഇന്ന് 15 വയസ്. യു.എ.ഇയുടെ സമ്പദ്ഘടനക്കും വളർച്ചക്കും മുതൽ കൂട്ടാകും വിധം വളരാൻ ഫ്‌ളൈ ദുബൈക്ക് കഴിഞ്ഞുവെന്ന് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു.
ദുബൈയിൽ നിന്ന് ചെലവ് കുറഞ്ഞ വിമാനയാത്ര സാധ്യമാക്കാൻ ലക്ഷ്യമിട്ട് 2009 ലാണ് ഫ്‌ളൈ ദുബൈ എന്ന ബജറ്റ് എയർ ലൈൻ പ്രവർത്തനമാരംഭിക്കുന്നത്. ദുബൈയിൽ നിന്ന് ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിലേക്കായിരുന്നു ആദ്യ യാത്ര. 15 വർഷം പിന്നിടുമ്പോൾ ഫ്‌ളൈ ദുബൈയിൽ 125 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനിയായി വളർന്നു. 87 വിമാനങ്ങൾ ഫ്‌ളൈ ദുബൈക്ക് സ്വന്തമായുണ്ട്. അയ്യായിരത്തിലേറെ ജീവനക്കാരും കമ്പനിക്കുണ്ട്. ടൂറിസം കേന്ദ്രം എന്ന നിലയിൽ ദുബൈ നഗരത്തെ ലോകമെമ്പാടും അടയാളപ്പെടുത്താൻ ഫ്‌ളൈ ദുബൈ സേവനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചെയർമാൻ ശൈഖ് അഹമ്മദ് പറഞ്ഞ. ഫ്‌ളൈ ദുബൈ ആരംഭിച്ച 90 പുതിയ റൂട്ടുകൾ യു.എ.ഇയിൽ നിന്ന് നേരിട്ട് സർവീസില്ലാത്ത നഗരങ്ങളിലേക്കായിരുന്നുവെന്നും അധികൃതർ പറഞ്ഞു.