ഇന്റർനാഷണൽ അയൺമാൻ ചാമ്പ്യൻഷിപ്പ്; ഒമാനിൽ നാളെ ട്രാഫിക് നിയന്ത്രണങ്ങൾ
Update: 2022-09-23 10:13 GMT
മസ്‌കത്ത്: ഒമാനിൽ നടക്കുന്ന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് നാളെ സലാലയിലെ ചില റോഡുകൾ ഭാഗികമായി അടച്ചിടും. എന്നാൽ നഗരത്തിലെ പ്രധാന റോഡുകളെ ഇത് ബാധിക്കില്ല. റോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റാണ് ഭാഗികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിച്ചത്.
നീന്തൽ, ഓട്ടം, സൈക്ലിങ് ഇവന്റുകളാണ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്നത്. ഹവാന സലാല ഹോട്ടലിൽനിന്നാരംഭിച്ച് ഹംറാൻ റൗണ്ട് എബൗട്ടിലൂടെ കടന്ന് മിർബത്ത് റൗണ്ട് എബൗട്ടിലൂടെ ചുറ്റി 90 കി.മീ ദൂരം സഞ്ചരിച്ച് സ്റ്റാർട്ടിങ് പോയിന്റിൽതന്നെ തിരിച്ചെത്തുന്ന തരത്തിലാണ് സൈക്കിൾ റേസ് റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഓട്ടമത്സരത്തിനായും റോഡുകളിലെ ഗതാഗതം ക്രമീകരിക്കും.