യു.എ.ഇയുടെ ബില്യൺ മീൽസ് പദ്ധതിയിലേക്ക് ലക്ഷം ദിർഹം സംഭാവന നൽകി കെ.വി.ആർ കുഞ്ഞിരാമൻ നായർ
മൂന്നാം തവണയാണ് ഇദ്ദേഹം പദ്ധതിയിലേക്ക് സംഭാവന നൽകുന്നത്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദരിദ്രരെ സഹായിക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടപ്പിലാക്കുന്ന മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ജീവകാരുണ്യ ഭക്ഷണ വിതരണ യത്‌നമായ വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് മൂന്നാം തവണയും ഒരു ലക്ഷം ദിർഹം സംഭാവന നൽകി യു.എ.ഇയിലെ ബെസ്റ്റ് ഓട്ടോ പാർട്‌സ് ഉടമയും ഇന്ത്യയിലെ മുൻനിര വാഹന വിതരണക്കാരായ കെ.വി.ആർ ഗ്രൂപ്പ് ചെയർമാനുമായ കെ.പി കുഞ്ഞിരാമൻ നായർ.
ഇത് മൂന്നാം തവണയാണ് കുഞ്ഞിരാമൻ നായർ ഈ പദ്ധതയിലേക്ക് സംഭാവന നൽകുന്നത്. ലോകമെമ്പാടുമുള്ള പാവപ്പെട്ട ജനങ്ങളെ പിന്തുണക്കുന്നതിനും പട്ടിണിക്കെതിരെ പോരാടുന്നതിനുമുള്ള ആഗോള പ്രതിബദ്ധതെ പ്രകടിപ്പിക്കുയാണ് യു.എ.ഇ. ഐക്യത്തിന്റെയും അനുകമ്പയുടെയും സന്ദേശമാണ് ഈ പദ്ധതിയിലൂടെ യു.എ.ഇ ലോകത്തിന് പകരുന്നതെന്ന് ഒരു ലക്ഷം ദിർഹത്തിന്റെ ചെക്ക് കൈമാറി കൊണ്ട് കെ.വി.ആർ കുഞ്ഞിരാമൻ നായർ പറഞ്ഞു.
ദുബൈ അൽ മംസാർ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്ടാബ്ലിഷ്‌മെന്റ്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും കെ.വി.ആർ ഗ്രൂപ്പ് ഡയരക്ടർ സുജയ് റാം പാറയിൽ എന്നിവരും സംബന്ധിച്ചു.
കണ്ണൂർ ചെറുകുന്ന് സ്വദേശിയായ കെ.പി കുഞ്ഞിരാമൻ നായർ കഴിഞ്ഞ നാൽപത് വർഷത്തിലധികമായി അബൂദബി കേന്ദ്രമായി യു.എ.ഇയിൽ ഓട്ടോ സ്‌പെയർ പാർട്‌സ് രംഗത്ത് വിജയകരമായി ബിസിനസ്സ് നടത്തി വരികയാണ്. ഇന്ത്യയിലും യു.എ.ഇലുമായി നിരവധി ജീവകാരുണ്യ-വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് കെ.വി.ആർ നായർ.