10 ശതമാനം ഓഹരി പൊതുജനങ്ങൾക്ക്; ലുലു ഐപിഒ പ്രഖ്യാപിച്ചു
ഒക്ടോബർ 28 മുതൽ നവംബർ എട്ട് വരെയാണ് ഓഹരികൾ വാങ്ങാൻ കഴിയുക
ദുബൈ: വ്യവസായി എംഎ യൂസുഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് ഐപിഒ പ്രഖ്യാപിച്ചു. ലുലു റീട്ടെയിൽ ഹോൾഡിങ്സിന്റെ 25% ഷെയറുകളാണ് ഓഹരി വിപണിയിലെത്തുക. ഇവയിൽ 10% പൊതുജനങ്ങൾക്ക് വാങ്ങാം. ഒരു ശതമാനം ജീവനക്കാർക്കും സ്വന്തമാക്കാം. ഒക്ടോബർ 28 മുതൽ നവംബർ എട്ട് വരെയാണ് ഓഹരികൾ വാങ്ങാൻ കഴിയുക. ഓഹരിവില ഒക്ടോബർ 28 ന് അറിയാനാകും. 2.58 ബില്യൺ ഓഹരികളാണ് വിൽപനയ്ക്കുള്ളത്. അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലാണ് ലുലു ഗ്രൂപ്പ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്. എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്, അബൂദബി കമേഴ്സ്യൽ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ഐപിഒക്ക് നേതൃത്വം നൽകും.
ഈ വർഷത്തെ യുഎഇയിലെ ഏറ്റവും വലിയ ഐപിഒയാണ് ലുലുവിന്റേത്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് ശൃംഖലയായ ലുലുവിന് ആറ് രാജ്യങ്ങളിലായി 240ലേറെ സ്റ്റോറുകളുണ്ട്. യുഎഇയിൽ മാത്രം 103 സ്റ്റോറുണ്ട്. 2023ൽ ലുലു ഏകദേശം 753 ദശലക്ഷം യുഎസ് ഡോളർ വരുമാനമാണ് നേടിയത്. പ്രതിവർഷം 7.2 ശതമാനം വർധനവാണ് ഇതിലൂടെ സ്വന്തമാക്കിയത്. 2022 ലെ കണക്കു പ്രകാരം എട്ട് ബില്യൺ യുഎസ് ഡോളറാണ് ലുലു ഗ്രൂപ്പിന്റെ ആസ്തി, ഏകദേശം 66,000 കോടി ഇന്ത്യൻ രൂപ. റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കാനാകും ഐപിഒ വഴി സമാഹരിക്കുന്ന തുക ലുലു ഗ്രൂപ്പ് പ്രയോജനപ്പെടുത്തുക.