അബൂദബിയിൽ വാഹനം മറിഞ്ഞ് മലയാളി മരിച്ചു
തിരുവനന്തപുരം പനയറ സ്വദേശി ശരത്താണ് മരിച്ചത്


അബൂദബി: തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരൻ-ഭാനു ദമ്പതികളുടെ മകൻ ശരത് (36) ആണ് മരിച്ചത്. അബൂദബിയിലെ മിൽക്കി വേ കാണാൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേയാണ് വാഹനാപകടം. അബൂദബിയിലെ നിർമാണ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് അബൂദബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ അൽ ഖുവാ മിൽക്കി വേ കാണാൻ യാത്ര തിരിച്ചത്. മണൽപ്പാതയിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആംബുലൻസും മെഡിക്കൽ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല. ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പത്തു വർഷത്തിൽ അധികകമായി ശരത് പ്രവാസിയാണ്. ഭാര്യ ജിഷ. രണ്ട് പെൺമക്കളുണ്ട്.