സഫാരി റമദാൻ നൈറ്റ്‌സിന് പ്രൗഢസമാപനം
റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കുകൊണ്ട പ്രവാസി സംഘടനകളെ സമാപനവേദിയിൽ ആദരിച്ചു


ഷാർജ: മീഡിയവണും സഫാരി ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച സഫാരി റമദാൻ നൈറ്റ്‌സിന് പ്രൗഢസമാപനം. ഒമ്പതു ദിവസം ഷാർജ സഫാരി മാളിൽ നടന്ന പരിപാടികളിൽ നൂറു കണക്കിന് പേർ പങ്കാളികളായി. റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുകൊണ്ട പ്രവാസി സംഘടനകളെ സമാപനവേദിയിൽ ആദരിച്ചു.
റമദാന്റെ ആത്മീയാനുഭവങ്ങൾ ചോർന്നു പോകാതെയുള്ള മത്സരപരിപാടികൾക്കാണ് മൂന്നാഴ്ച സഫാരി മാൾ വേദിയായത്. ദേശഭാഷാ വ്യത്യാസമില്ലാതെ നൂറു കണക്കിന് ആളുകളാണ് ഓരോ ദിവസവും പരിപാടി വീക്ഷിക്കാനെത്തിയത്. കേരളത്തിൽ നിന്നുള്ളവർക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മത്സരങ്ങളിൽ ജേതാക്കളായത് ശ്രദ്ധിക്കപ്പെട്ടു. ചില മത്സരങ്ങളിൽ വിദേശികളും വിജയകിരീടം ചൂടി.
ഇന്നലെ നടന്ന കുട്ടികളുടെ കളറിങ് മത്സരത്തിൽ എറിൻ റോബിൻ ജോർജ് ഒന്നാം സമ്മാനം കരസ്ഥമാക്കി. നാഫില രണ്ടാം സ്ഥാനവും സിതാര മൂന്നാം സമ്മാനവും നേടി. വനിതകൾക്കായി നടന്ന കേക്ക് ഡെക്കറേഷനിൽ ഫസീല നൗഷാദ് ഒന്നാം സ്ഥാനം നേടി. ഷഹാന, തസ്‌നീം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
നൂറിലേറെ പേർ പങ്കെടുത്ത ഫോട്ടോഗ്രഫി മത്സരത്തിൽ റിയാസ് കെഎം ഒന്നാം സമ്മാനം നേടി. അനൂപ് ബഷീർ, ഷംല മഹ്‌റൂഫ് എന്നിവർക്കാണ് രണ്ട്, മൂന്ന് സ്ഥാനങ്ങൾ. സഫാരി ഹൈപ്പർമാർക്കറ്റ് ഇൻചാർജ് മുസ്തഫ, ദിയ ഗോൾഡ് ആന്റ് ഡയമണ്ട് മാനേജർ നൗഷാദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികച്ചുനിന്ന പതിനഞ്ചു സംഘടനകളെ വേദിയിൽ ആദരിച്ചു. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് സംഘടനാ പ്രതിനിധികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. സഫാരി എംഡി സൈനുൽ ആബിദീൻ, മീഡിയവൺ ജിസിസി ജനറൽ മാനേജർ സവ്വാബ് അലി, മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി എംസിഎ നാസർ തുടങ്ങിയവർ പങ്കെടുത്തു.