മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ക്ഷണക്കത്തുമായി ദുബൈ നഗരത്തിനുമുകളില്‍ പറന്ന് നടന്ന് 'റിയല്‍ ലൈഫ് അയണ്‍ മാന്‍'
22.2.22 എന്ന മാജിക് തീയതിയായ നാളെയാണ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം
ലോകത്തെ ഏറ്റവും മനോഹര കെട്ടിടമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, ദുബൈ നാളെ ലോകത്തിന് സമര്‍പ്പിക്കുമ്പോള്‍ അതിന്റെ മാസ്മരിക ലോകത്തേക്കുള്ള ക്ഷണവും അല്‍പം മാസ് ആയിത്തന്നെ നടത്തുകയാണ് അധികാരികള്‍.
മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ഉദ്ഘാടനത്തിന്റെ ക്ഷണക്കത്തുമായി ദുബൈ നഗരത്തിനുമുകളിലൂടെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളില്‍ പറന്നിറങ്ങിയാണ് 'റിയല്‍ ലൈഫ് അയണ്‍ മാന്‍' കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്.
ക്ഷണക്കത്തുകളുമായി ഒരു ജെറ്റ്പാക്ക് സ്യൂട്ടില്‍ കയറി ബ്രിട്ടീഷ് പൗരന്‍ റിച്ചാര്‍ഡ് ബ്രൗണിങ് ആളുകള്‍ക്കിടയിലേക്ക് പറന്നിറങ്ങുന്ന അവിശ്വസനീയ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. twitter വീഡിയോ
77 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലേക്ക് റിച്ചാര്‍ഡ് ബ്രൗണിങ് എലിവേറ്ററില്‍ മ്യൂസിയത്തിനുള്ളില്‍ നിന്ന് കയറുന്ന ദൃശ്യങ്ങളും 'ഭാവി കാണാന്‍ ആളുകളെ നിങ്ങള്‍ എങ്ങനെ ക്ഷണിക്കും'എന്ന അടിക്കുറിപ്പോടെ വീഡിയോയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ആദ്യം ഡൗണ്‍ടൗണ്‍ ദുബൈ ലക്ഷ്യമാക്കി നീങ്ങിയ അയണ്‍മാന്‍ ബുര്‍ജ് ഖലീഫയുടെ ചുവട്ടില്‍ പറന്നിറങ്ങി സന്ദര്‍ശകര്‍ക്ക് ക്ഷണക്കത്തുകള്‍ വിതരണം ചെയ്യുമ്പോള്‍ ആവേശഭരിതരായ കാഴ്ചക്കാര്‍ വീഡിയോയും സെല്‍ഫിയുമെടുക്കാന്‍ തിരക്ക് കൂട്ടി.
വീണ്ടും പറന്ന് പൊങ്ങി ഒരു സ്‌കൂള്‍ പരിസരത്ത് ഇറങ്ങി തനിക്ക് ചുറ്റും തിങ്ങിക്കൂടിയ വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം കൂടുതല്‍ ക്ഷണക്കത്തുകള്‍ കൈമാറി.
തുടര്‍ന്ന് അദ്ദേഹം ദുബൈ മറീനയും കടന്ന് ഐന്‍ ദുബൈയുടെ മുന്നിലാണ് അടുത്ത ലാന്‍ഡിങ് നടത്തിയത്. ശേഷം മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ പ്ലാറ്റ്ഫോമിലേക്ക് തിരികെ പറക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഹോളിവുഡ് കാഴ്ചകളെ അനുസ്മരിപ്പിക്കും വിധം കഴിഞ്ഞ ദിവസം ബഹിരാകാശ പേടകത്തിന് സമാനമായ ഒരു വസ്തു മ്യൂസിയത്തിന്റെ മുകള്‍നിലയിലെ പ്ലാറ്റ്‌ഫോമിലേക്ക് പറന്നിറങ്ങുന്ന ഒരു ദൃശ്യവും ആളുകളെ അമ്പരപ്പിച്ചിരുന്നു.
22.2.22 എന്ന മാജിക് തീയതിയിലാണ് മ്യൂസിയം തുറക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നാളെ ഉദ്ഘാടന ചടങ്ങിന് ശേഷം, ഫെബ്രുവരി 23 മുതല്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. 145 ദിര്‍ഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്കും ശാരീരിക വെല്ലുവിളികളുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.