പിതാവിന്റെ കാമുകിയുടെ പീഡനം: ഷാര്‍ജയില്‍ പൊലീസില്‍ അഭയം തേടിയ വിദ്യാര്‍ഥികളുടെ പഠനം കോഴിക്കോട് മര്‍ക്കസ് ഏറ്റെടുക്കും

പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോള്‍ നാട്ടിലാണ് താമസം. മതാവിന്റെ സഹോദരിയാണ് പിതാവിന്റെ കാമുകിയായി എത്തിയതെന്നും ഇതാണ് തങ്ങളുടെ ജീവിതം തകിടം മറിച്ചതെന്ന് കുട്ടികള്‍ പറയുന്നു.

Update: 2021-07-09 15:40 GMT
Advertising

പിതാവിന്റെ കാമുകിയുടെ പീഡനത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ പൊലീസില്‍ അഭയം തേടിയ വിദ്യാര്‍ത്ഥികളുടെ പഠനം കോഴിക്കോട് മര്‍ക്കസ് ഏറ്റെടുക്കും. ആലപ്പുഴയിലെ സ്ഥാപനത്തില്‍ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് ദുബൈ മര്‍ക്കസ് സഹറത്തുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ യഹ്‌യ അബ്ദുല്‍ഖാദര്‍ അറിയിച്ചു. കുട്ടികളുടെ പാസ്‌പോര്‍ട്ട് വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിലുള്ള ഉമ്മയുടെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍, നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ 60,000 ദിര്‍ഹത്തോളം പിഴയടക്കണം. വര്‍ഷങ്ങളായി ഇവരുടെ പഠനവും മുടങ്ങിയിരിക്കുകയാണ്. പൊലീസിന്റെ നിര്‍ദേശപ്രകാരം സാമൂഹിക പ്രവര്‍ത്തകുടെ സംരക്ഷണയിലാണ് വിദ്യാര്‍ഥികളിപ്പോള്‍.

ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതാവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോള്‍ നാട്ടിലാണ് താമസം. മതാവിന്റെ സഹോദരിയാണ് പിതാവിന്റെ കാമുകിയായി എത്തിയതെന്നും ഇതാണ് തങ്ങളുടെ ജീവിതം തകിടം മറിച്ചതെന്ന് കുട്ടികള്‍ പറയുന്നു.

ഒരാളുടെ പഠനം എട്ടാംക്ലാസില്‍ മുടങ്ങി. മറ്റൊരാളുടേത് അഞ്ചാം ക്ലാസില്‍ മുടങ്ങി കിടക്കുന്നു. നാലുവര്‍ഷമായി വിസയില്ല, പാസ്‌പോര്‍ട്ടും കാലാവധി തീരാനായി. ചുട്ടുപൊള്ളുന്ന ഈ വേനല്‍കാലത്ത് എ.സി പോലും ഇല്ലാത്ത മുറിയിലാണ് പിതാവ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. രോഗങ്ങള്‍ അലട്ടുന്ന കുട്ടികള്‍ക്ക് ചികിത്സ കിട്ടാറില്ല. ദുരിതങ്ങള്‍ക്ക് പുറമെ പീഡനം കൂടി സഹിക്കാതായതോടെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ പൊലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനാല്‍ പൊലീസ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെയും പ്രവര്‍ത്തകരെയാണ് കുട്ടികളെ ഏല്‍പിച്ചിരിക്കുന്നത്.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News