കുതിച്ചുയര്‍ന്ന് അബുദാബിയിലെ ജീവിത നിലവാര സൂചികകള്‍
ജനങ്ങളുടെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും നിരക്കുകള്‍ വര്‍ധിച്ചതിന്റെ പിന്‍ബലത്തില്‍ അബുദാബിയിലെ ജീവിത നിലവാര സൂചികകള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ധിച്ചതായി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് (DCD) വകുപ്പ് അറിയിച്ചു. ഇന്റര്‍നാഷണല്‍ ഡേ ഓഫ് ഹാപ്പിനസിനോടനുബന്ധിച്ചാണ് DCD യുടെ ഈ വെളിപ്പെടുത്തല്‍.
ആകെ 10 പോയിന്റില്‍, മുന്‍വര്‍ഷത്തെ 7.17ല്‍ നിന്ന് 7.727 പോയിന്റായി 7.8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് സന്തോഷ സൂചികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിത സംതൃപ്തി സൂചികയില്‍ 6.68 ശതമാനം വര്‍ദ്ധനവാണ് നേടിയത്. 6.68 ല്‍ നിന്ന് 7.1258 പോയിന്റായാണ് സംതൃപ്തി സൂചിക വര്‍ധിച്ചിരിക്കുന്നത്. വര്‍ക്ക്-ലൈഫ് ബാലന്‍സ് ഇന്‍ഡക്സ് 36.6 ശതമാനത്തില്‍ നിന്ന് 52.6 ശതമാനമായി 16 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ ഭവന വരുമാന സൂചികയിലെ സംതൃപ്തി 33 ശതമാനത്തില്‍ നിന്ന് 38.5 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.
ജീവിതശൈലിയിലെ ഗുണപരമായ മാറ്റങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരവും കൂടുതല്‍ സന്തോഷത്തിലേക്ക് ജനങ്ങളെ നയിക്കുമെന്ന് ഡിസിഡി ചെയര്‍മാന്‍ ഡോ. മുഗീര്‍ ഖമീസ് അല്‍ ഖൈലി അഭിപ്രായപ്പെട്ടു. സാമൂഹിക-സാമ്പത്തിക സൂചകങ്ങള്‍ക്ക് പുറമേ, സമൂഹത്തിന്റെ ക്ഷേമത്തിനുള്ള പ്രധാന ഘടകങ്ങളിലൊന്നണ് സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരന്മാരുടേയും താമസക്കാരുടേയും സന്തോഷവും സാമൂഹിക ക്ഷേമവും വര്‍ധിപ്പിക്കാനാവശ്യമായതെല്ലാം യുഎഇ നടപ്പിലാക്കി വരുന്നുണ്ട്. ഇതിനാലാണ് ഏറ്റവും സന്തുഷ്ടരായി ജനങ്ങള്‍ താമസിക്കുന്ന രാജ്യമായി യുഎഇ നിലനില്‍ക്കുന്നതെന്നും അല്‍ ഖൈലി കൂട്ടിച്ചേര്‍ത്തു.
2021ലെ വേള്‍ഡ് ഹാപ്പിനസ് സൂചികയില്‍, അറബ് രാജ്യങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷവും യുഎഇയാണ് ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത്.