യു.എ.ഇ സ്വദേശികളെ അപമാനിക്കുന്ന വീഡിയോ; പ്രവാസി യുവാവ് പിടിയിൽ

ഇമറാത്തി വേഷം ധരിച്ച് ആഡംബര കാർ ഷോറൂമിലെത്തി പണം എറിഞ്ഞ് ഏറ്റവും വില കൂടിയ കാർ ആവശ്യപ്പെടുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു.

Update: 2023-07-09 09:58 GMT
Advertising

ദുബൈ: യു.എ.ഇ സ്വദേശികളെ അപമാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രവാസി യുവാവ് അറസ്റ്റിൽ. ഇമറാത്തി വേഷം ധരിച്ച് ആഡംബര കാർ ഷോറൂമിലെത്തി പണം എറിഞ്ഞ് ഏറ്റവും വില കൂടിയ കാർ ആവശ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. ഏഷ്യൻ വംശജനായ യുവാവാണ് അറസ്റ്റിലായത്.

ഇമറാത്തി വേഷത്തിൽ എത്തിയ ഇയാളുടെ പിന്നാലെ നോട്ടുകെട്ടുകളുമായി രണ്ട് സഹായികളുമുണ്ടായിരുന്നു. ഷോറൂം ഉടമയുമായി സംസാരിക്കുന്ന ഇയാൾ 20 ലക്ഷം ദിർഹത്തിൽ കൂടുതൽ വിലയുള്ള കാർ വേണമെന്നാണ് ആവശ്യപ്പെടുന്നത്.

പണത്തിന് യാതൊരു വിലയും കൽപ്പിക്കാതെ പെരുമാറുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഷോറൂം ജീവനക്കാർക്ക് പണം എറിഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ കാണാം. ഇത് സ്വദേശി പൗരൻമാരെ അപമാനിക്കലാണെന്ന് വിമർശനമുയർന്നതിനെ തുടർന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തെക്കുറിച്ച് വിശദമായ വിവരം ലഭിക്കുന്നതിനായ ഷോറൂം ഉടമയെ അധികൃതർ വിളിച്ചുവരുത്തി മൊഴിയെടുത്തു. രാജ്യത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിയമപരവും ധാർമ്മികവുമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും രാജ്യത്തെ സാമൂഹിക സവിശേഷതകളും മൂല്യങ്ങളും പരിഗണിക്കണമെന്നും ഫെഡറൽ പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു. അല്ലെങ്കിൽ നിയമനടപടികളുണ്ടാവുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാപകമായി പ്രചരിക്കപ്പെട്ട വീഡിയോ യു എ ഇ അറ്റോർണി ജനറലിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News