അക്ഷര മഹാമേളക്ക് നാളെ തുടക്കം; ഷാർജ പുസ്തകോത്സവത്തിന് ആയിരങ്ങളെത്തും
കേരളത്തിൽ നിന്ന് നിരവധി പ്രമുഖർ
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 41ാം എഡിഷന് നാളെ തുടക്കം. 12 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരെത്തും. ഷാർജ എക്സ്പോ സെന്‍ററിൽ നവംബർ 13 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നടക്കം പ്രഗൽഭ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.
പത്ത് രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി മേളക്കെത്തും. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം. 'വാക്ക് പ്രചരിപ്പിക്കുക' എന്ന പ്രമേയത്തിലാണ് മേള. ഷാർജ എക്സ്പോ സെൻററും പരിസരപ്രദേശവും മേളക്കായി ഒരുങ്ങി. മൊത്തം 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികളാകും നേതൃത്വം നൽകുക.
പുസ്തകോത്സവത്തിലേക്ക് മലയാളത്തിൽ നിന്ന് സാമൂഹിക, സാസ്കാരിക രംഗത്തെ പ്രമുഖരെത്തും. സുനിൽ പി. ഇളയിടം മുതൽ നടൻ ജയസൂര്യ വരെയുള്ള നീണ്ട നിരയാണ് പുസ്തകോത്സവത്തിന് എത്തുന്നത്. നവംബർ 10നാണ്ജയസൂര്യ എത്തുക.
രാഷ്ട്രീയ രംഗത്തുനിന്ന് അബ്ദുസ്സമദ് സമദാനി എം.പി, ടി.എൻ പ്രതാപൻ എം.പി, എം.കെ മുനീർ എം.എൽ.എ, കോൺഗ്രസ് നേതാവ് എം.എം ഹസൻ തുടങ്ങിയവരും എത്തിച്ചേരും. ഉഷ ഉതുപ് തന്‍റെ ആത്മകഥയുമായി നവംബർ 12ന് ആരാധകരുമായി സംവദിക്കും.