യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണം 66,000 കവിഞ്ഞു
ഈ വർഷം മാത്രം നാലുമാസത്തിനിടെ സ്വകാര്യ മേഖലയിൽ 10,500പേർ പേർ നിയമിതരായി
യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണം 66,000 കവിഞ്ഞു. നടപ്പുവർഷം ഏപ്രിൽ വരെയുള്ള റിപ്പോർട്ടിലാണ് വർധന വ്യക്തമായത്. സ്വകാര്യ മേഖലയിൽ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിയമം കൂടി നടപ്പിലായതോടെ സ്വദേശികളുടെ എണ്ണം ഇനിയും ഉയർന്നേക്കും.
രാജ്യത്തെ 16,000 സ്വകാര്യ കമ്പനികളിൽ സ്വദേശി പൗരൻമാർ ജോലി ചെയ്യുന്നതായി യു.എ.ഇ മാനവ വിഭവ എമിറൈറ്റേസേഷൻ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാർ വെളിപ്പെടുത്തി. ഫെഡറൽ നാഷണൽ കൗൺസിൽ യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഈ വർഷം മാത്രം നാലുമാസത്തിനിടെ സ്വകാര്യ മേഖലയിൽ 10,500പേർ പേർ നിയമിതരായി. ഇതോടെ സ്വദേശി ജീവനക്കാർ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം 13ശതമാനമായി വർധിച്ചു. ഈ വർഷം പുതുതായി സ്വദേശികളെ നിയമിച്ച കമ്പനികളുടെ എണ്ണം രണ്ടായിരം വരും. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ് ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത്. വ്യാപര മേഖലയിൽ 13ശതമാനവും ബിസിനസ് സർവീസ് മേഖലയിലും വ്യാവസായിക മേഖലയിലമായി 10ശതമാനവുമാണ് സ്വദേശി അനുപാതം.
യു.എ.ഇയിൽ സ്വദേശിവൽകരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് കനത്ത ഫൈൻ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദ്ഗ്ധ തൊഴിൽമേഖലയിൽ ഈ വർഷം ജൂൺ അവസാനത്തോടെ മൂന്ന് ശതമാനം സ്വദേശിവൽകരണം നടപ്പാക്കണം. ഈവർഷം അവസാനത്തിനകം നാലു ശതമാനം എന്ന ലക്ഷ്യവും കൈവരിക്കണം.