യാത്രാവിലക്കില്‍ ഇളവ്; യു.എ.ഇയിലേക്ക് പ്രവാസികള്‍ മടങ്ങിയെത്തുന്നു
ദുബൈയിലും ഷാര്‍ജയിലുമെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കി.
യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് പ്രവാസികൾ മടങ്ങി എത്തിത്തുടങ്ങി. ആദ്യ ദിവസം കുറച്ചുപേര്‍ക്ക് മാത്രമാണ് മടക്കയാത്ര സാധ്യമായത്. മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിരവധി യാത്രക്കാര്‍ക്ക് മടങ്ങാനായിട്ടില്ല. പുതിയ ഇളവുകൾ പ്രകാരം യു.എ.ഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് മാത്രമാണ് മടങ്ങാൻ അനുമതി. സന്ദർശക വിസക്കാർക്ക് അനുമതിയില്ല.
അതിനിടെ, ഷാർജയിലെത്തുന്ന യാത്രക്കാർക്ക് ക്വറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പത്തു ദിവസത്തെ ക്വാറന്റൈന്‍ നിർബന്ധമാണെന്നായിരുന്നു നിർദേശം. ദുബൈയിലെത്തുന്നവർക്ക് നേരത്തെ ക്വറന്റൈൻ ഒഴിവാക്കിയിരുന്നു.
മടക്കയാത്രയ്ക്ക് അനുമതി ലഭിച്ചവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് നാലു മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലം എന്നിവ കൂടെ കരുതണം. താമസവിസയുടെ കാലാവധി തീർന്നവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെയും അബൂദബി ഉൾപ്പെടെ മറ്റു വിസക്കാർ ഐ.സി.എയുടെ അനുമതിയുമാണ് തേടേണ്ടത്.