പണം നൽകാതെ യാത്ര; ദുബൈയിൽ 591 പേർ പിടിയിൽ
ലൈസൻസില്ലാതെ വ്യാജടാക്‌സി ഓടിച്ചിരുന്ന നിരവധി പേരും അറസ്റ്റിലായിട്ടുണ്ട്
ദുബൈ: പണം നൽകാതെ ബസിലും മെട്രോയിലും യാത്രചെയ്ത 591 പേർ ദുബൈയിൽ പിടിയിലായി. ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗതരംഗത്തെ ചെറുതും വലുതുമായ നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ഊർജിതമാണെന്ന് ആർ.ടി.എ മുന്നറിയിപ്പ് നൽകി.
ജൂലൈയിൽ നടന്ന പരിശോധനയിലാണ് പൊതുവാഹനങ്ങളിൽ പണം നൽകാതെ യാത്ര ചെയ്തയാളുകൾ പിടിയിലായത്. ബസിലും, മെട്രോയിലും പണം നൽകാൻ ഉപയോഗിക്കുന്ന നോൽകാർഡ് കൈവശമില്ലാതെ യാത്ര ചെയ്തതിന് 33 പേർ പിടിയിലായി. കാലാവധി പിന്നിട്ട നോൽകാർഡുമായി യാത്രക്ക് ശ്രമിച്ച അഞ്ചുപേരും അധികൃതരുടെ പിടിയിലായിട്ടുണ്ട്. ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ എന്നിവയുമായി സഹകരിച്ചാണ് ആർ.ടി.എയുടെ പരിശോധന പുരോഗമിക്കുന്നത്. ബസിന് പുറമെ, ടാക്‌സികൾ, മെട്രോ, ട്രാം എന്നിവയിലെല്ലാം പരിശോധന ശക്തമാണ്. ഗുബൈബ ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ മാത്രം 39 പേർ പിടിയിലായി. ലൈസൻസില്ലാതെ വ്യാജടാക്‌സി ഓടിച്ചിരുന്ന നിരവധി പേരും അറസ്റ്റിലായിട്ടുണ്ട്.