യു.എ.ഇയിൽ അഡ്നോക് പ്രോ ലീഗ് മത്സരം നാളെ മുതൽ; കാണികൾക്ക് കർശന പെരുമാറ്റച്ചട്ടം
കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചു വേണം കാണികൾ സ്റ്റേഡിയത്തിലെത്തി തിരിച്ചു പോകേണ്ടതെന്നും പൊലിസ് നിർദേശിച്ചു.
യു.എ.ഇയിൽ അഡ്നോക് പ്രോ ലീഗ് മത്സരങ്ങൾ നാളെ ആരംഭിക്കുകയാണ്. കാണികൾക്ക് കർശന പെരുമാറ്റ ചട്ടവുമായി അധികൃതർ. കായിക മത്സരങ്ങളിൽ ആവേശം നല്ലതാണെങ്കിലും അക്രമ സംഭവങ്ങൾക്ക് ആരും തുനിയരുതെന്ന് ദുബൈ പൊലിസ് ഓർമിപ്പിച്ചു. കളിക്കളത്തിലും പുറത്തും അക്രമസംഭവങ്ങൾ ആരു നടത്തിയാലും കർശന ശിക്ഷ ഉറപ്പാക്കും. കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചു വേണം കാണികൾ സ്റ്റേഡിയത്തിലെത്തി തിരിച്ചു പോകേണ്ടതെന്നും പൊലിസ് നിർദേശിച്ചു.
കളിക്കളത്തിലും നിയന്ത്രിത സഥലങ്ങളിലും അനുമതി കൂടാതെ കടന്നുകയറാൻ ആരെയും അനുവദിക്കില്ല. കാണികൾ ആയുധങ്ങളോ നിരോധിത വസ്തുക്കളോ കൈയിൽ വെക്കരുത്. ഗാലറിയിൽ നിശ്ചിത സീറ്റുകളിൽ വേണം ഇരിക്കാനെന്നും പൊലിസ് ആവശ്യപ്പെട്ടു. നിയമലംഘകൾക്ക് അയ്യായിരം മുതൽ മുപ്പതിനായിരം വരെ ഫൈനും ഒന്നുമുതൽ മൂന്നു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നും ദുബൈ പൊലിസ് അറിയിച്ചു. കളിക്കളത്തിലേക്ക് സാധനങ്ങൾ വലിച്ചെറിയുന്നതും കറ്റകരമാണ്.
കായിക മത്സരത്തെ ആരോഗ്യകരമായി നോക്കി കാണുകയാണ് വേണ്ടതെന്ന് ദുബൈ പൊലിസ് മേധാവി പറഞ്ഞു. മത്സരം മുൻനിർത്തി കർശന സുരക്ഷാ ക്രമീകരണങ്ങളാണ് വിവിധ സ്റ്റേഡിയങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ ക്ലബുകളുടെ ആരാധകർ ചേരിതിരിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പെരുമാറ്റ ചട്ടം കർശനമാക്കാനുള്ള തീരുമാനം.