‘യുദ്ധം അവസാനിപ്പിക്കാൻ പോകുകയാണ്’; ട്രംപിന്റെ പ്രഖ്യാപനത്തിൽ പ്രത്യാശയോടെ പശ്ചിമേഷ്യ 

ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് യുഎഇ രാഷ്ട്ര നേതാക്കൾ

Update: 2024-11-06 17:08 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: യുഎസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് യുഎഇ രാഷ്ട്ര നേതാക്കൾ. ഇരുരാഷ്ട്രങ്ങളും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം മുമ്പോട്ടു കൊണ്ടു പോകാൻ ട്രംപിനാകുമെന്ന് പ്രധാനമന്ത്രിയും പ്രസിഡണ്ടും പ്രത്യാശ പ്രകടിപ്പിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കുന്നത്. യുഎഇ പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടെയും അഭിനന്ദന സന്ദേശങ്ങളിൽ ഈ ആശങ്ക നിഴലിച്ചു നിന്നു. മേഖലയിൽ സമാധാനവും സുസ്ഥിരതയും തിരിച്ചുകൊണ്ടുവരാൻ ട്രംപിനാകട്ടെ എന്നായിരുന്നു ഇരുവരുടെയും സന്ദേശങ്ങളുടെ ആകത്തുക.

അമേരിക്കയുടെ 47-ാം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസിനും അഭിനന്ദനങ്ങൾ. പുരോഗതി ലക്ഷ്യം വച്ചുള്ള യോജിച്ച അഭിലാഷത്തിന്മേലാണ് യുഎസും യുഎഇയും തമ്മിലുള്ള അഞ്ചു പതിറ്റാണ്ടു നീണ്ട ഉഭയകക്ഷി ബന്ധം നിലനിൽക്കുന്നത്. എല്ലാവരുടെയും സുരക്ഷ, ക്ഷേമം, ഭാവിക്കായുള്ള അവസരം എന്നിവയിൽ യുഎസുമായി ചേർന്നു പ്രവർത്തിക്കാൻ യുഎഇ ഇനിയും ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രസിഡണ്ടിന്റെ ട്വീറ്റ്. പശ്ചിമേഷ്യൻ മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഒന്നിച്ചു പ്രവർത്തിക്കാം എന്നായിരുന്നു പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ അഭിനന്ദന സന്ദേശം.

ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ട്രംപ് എന്തു നിലപാടെടുക്കുമെന്ന കൗതുകം ലോകത്തിനുണ്ട്. ചരിത്ര വിജയത്തിന് പിന്നാലെ, യുദ്ധം തുടങ്ങാനല്ല അവസാനിപ്പിക്കാൻ പോകുകയാണ് എന്ന ട്രംപിന്റെ പ്രഖ്യാപനം പ്രത്യാശക്ക് വക നൽകിയിട്ടുണ്ട്. താൻ അധികാരത്തിലിരുന്ന നാലു വർഷം യുദ്ധമുണ്ടായിരുന്നില്ല എന്നും പ്രസംഗത്തിൽ ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News