ആഗോളതല മത്സരക്ഷമതാ സൂചികയിൽ മുന്നേറി യു.എ.ഇ

മുൻ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങളിൽ മുന്നേറി ഇത്തവണ ഏഴാം സ്ഥാനം രാജ്യം കരസ്ഥമാക്കി

Update: 2024-06-18 17:03 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ആഗോളതല മത്സരക്ഷമതാ സൂചികയിൽ മുന്നേറി യു.എ.ഇ. മുൻ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങളിൽ മുന്നേറി ഇത്തവണ അന്താരാഷ്ട്ര തലത്തിൽ ഏഴാം സ്ഥാനം രാജ്യം കരസ്ഥമാക്കി. സ്വിറ്റ്‌സർലൻഡിലെ ഐ.എം.ഡി വേൾഡ് കോപിറ്റേറ്റീവ്‌നസ് സെൻറർ പുറത്തുവിട്ട റാങ്കിങിലാണ് ഇക്കാര്യംവ്യക്തമാക്കുന്നത്.

റാങ്കിങിന് മാനദണ്ഡമാക്കിയ 90ലേറെ പ്രധാനപ്പെട്ടതും ഉപ വിഭാഗങ്ങളും ഉൾപ്പെട്ട സൂചികകളിൽ യു.എ.ഇ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. നേട്ടം എക്‌സ് അക്കൗണ്ട് മുഖേന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വെളിപ്പെടുത്തിയത്. രാജ്യത്തിൻറെ നേട്ടത്തിന് കൂട്ടായി പ്രവർത്തിച്ച സർക്കാർ, സാമ്പത്തിക, വികസന മേഖലകളിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. യു.എ.ഇയുടെ പുരോഗതിയുടെ ഏറ്റവും മികച്ച നേട്ടങ്ങൾ ഇനി വനാരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ വേൾഡ് കോപിറ്റേറ്റീവ്‌നസ് ഇയർബുക് പ്രകാരമുള്ള പട്ടികയിൽ 67രാജ്യങ്ങളിൽ സൗദി അറേബ്യ 16ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരു സ്ഥാനം മുന്നേറാനാണ് സൗദിക്ക് ഇത്തവണ സാധിച്ചത്. പ്രധാനമായും ബിസിനസ് രംഗത്തെ നിയമ നിർമാണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ നേട്ടത്തിന് സഹായകരമായത്. പട്ടികയിലെ ജി20രാജ്യങ്ങളിൽ നാലാം സ്ഥാനം കൈവരിക്കാനും സൗദിക്ക് സാധിച്ചു. കൂടാതെ, ബിസിനസ് കാര്യക്ഷമതയിൽ രാജ്യം 13ൽ നിന്ന് 12-ാം സ്ഥാനത്തേക്ക് മുന്നേറി പുരോഗതി അടയാളപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളുടെ റാങ്കിങിൽ 34-ാം സ്ഥാനത്ത് തുടരുമ്പോൾ, സൗദി അറേബ്യ സാമ്പത്തിക പ്രകടനത്തിലും സർക്കാർ കാര്യക്ഷമതയിലും മികച്ച പ്രകടനം തുടരുകയാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News