യു.എ.ഇയുടെ അൽ ബറക്ക ആണവനിലയം പൂർണശേഷിയിൽ; നാലാം യൂണിറ്റും വൈദ്യുതോൽപാദനം തുടങ്ങി
നാലാം യൂണിറ്റ് കൂടി ഉൽപാദനം ആരംഭിച്ചതോടെ സമ്പൂർണശേഷിയിൽ പ്രവർത്തിക്കുന്ന അറബ് ലോകത്തെ ആദ്യ ആണവ നിലയമായി അൽ ബറക്ക മാറി
അബൂദബി: യു.എ.ഇയുടെ ആണവ നിലയം പൂർണതോതിൽ വൈദ്യുതോൽപാദനം തുടങ്ങി. അൽ ബറക്ക നിലയത്തിന്റെ നാലാം യൂണിറ്റ് കൂടി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചതായി യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇതോടെ സമ്പൂർണശേഷിയിൽ പ്രവർത്തിക്കുന്ന അറബ് ലോകത്തെ ആദ്യ ആണവ നിലയമായി അൽ ബറക്ക മാറി.
കാർബൺരഹിത ഊർജം എന്ന ലക്ഷ്യത്തിലേക്കൂള്ള സുപ്രധാന ചുവടുവെപ്പാണ് അൽ ബറക്ക സമ്പൂർണശേഷിയിലെത്തുന്നതോടെ പൂർത്തിയാകുന്നതെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് പറഞ്ഞു. 1400 മെഗാവാട്ട് വൈദ്യുതിയാണ് നാലാമത്തെ യൂനിറ്റ് ദേശീയ പവർഗ്രിഡിലേക്ക് കൈമാറുക. വർഷം 40 ടെറാവാട്ട് അവറാണ് നിലയത്തിന്റെ മൊത്തം ഉൽപാദന ശേഷി.
യു.എ.ഇയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 25 ശതമാനവും ഇനി അൽബറക്ക ആണവനിലയത്തിൽ നിന്നായിരിക്കും. അടുത്ത 60 വർഷത്തേക്ക് യു.എ.ഇക്ക് ആവശ്യമായ വൈദ്യുതി ഉൽപാദനം ഉറപ്പാക്കാനും ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് കണക്ക്. 2.20 കോടി ടൺ അഥവാ 48 ലക്ഷം കാറുകൾ പുറന്തള്ളുന്ന കാർബൺ അന്തരീക്ഷത്തിൽ നിന്ന് ഒഴിവാക്കാൻ കൂടി പദ്ധതിയിലൂടെ കഴിയും. 2020 ഫെബ്രുവരിയിലാണ് അൽ ബറക്ക ആണവനിലയത്തിന്റെ ആദ്യ യൂണിറ്റിന് പ്രവർത്തനാനുമതി ലഭിച്ചത്.